Thiruvambady

ഇന്ത്യമുന്നണി അധികാരത്തിൽവന്നാൽ കാർഷികകടങ്ങൾ എഴുതിത്തള്ളും; രമേശ് ചെന്നിത്തല

തിരുവമ്പാടി : മലയോര, കുടിയേറ്റ ജനതയുടെ നീറുന്ന പ്രശ്നം വന്യജീവികൾ കൃഷിനശിപ്പിക്കുന്നതാണെന്നും എന്നാൽ, ഇതിനെതിരേ സംസ്ഥാനസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി അധികാരത്തിൽവന്നാൽ കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രചാരണാർഥം നിയോജകമണ്ഡലം കമ്മിറ്റി തിരുവമ്പാടിയിൽ സംഘടിപ്പിച്ച കർഷകസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിസർക്കാർ രാജ്യത്തെ കാർഷികമേഖലയെ കോർപ്പറേറ്റ്‌വത്കരിക്കുകയാണ്. കർഷകന്റെ ജീവിതം ദുരിതത്തിലാക്കുന്ന മൂന്നുനിയമങ്ങളാണ് മോദിസർക്കാർ കൊണ്ടുവന്നത്. കോൺഗ്രസ് അധികാരത്തിൽവന്നാൽ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് അധ്യക്ഷനായി. റോജി എം. ജോൺ എം.എൽ.എ., സി.പി. ചെറിയമുഹമ്മദ്, സി.കെ. കാസിം, ബാബു കെ. പൈക്കാട്ടിൽ, ജോണി പ്ലാക്കാട്ട്, അബ്ദു കോയങ്ങോറൻ, മില്ലി മോഹൻ, ഇ.എം. അഗസ്റ്റിൻ, ടി.എം.എ. ഹമീദ്, മനോജ് വാഴേപ്പറമ്പിൽ, ടി.ജെ. കുര്യച്ചൻ, ഷൗക്കത്തലി കൊല്ലളത്തിൽ, ജിതിൻ പല്ലാട്ട്, ബിന്ദു ജോൺസൺ, നടുക്കണ്ടി അബൂബക്കർ, ഷിജു ചെമ്പനാനി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button