Kozhikode

കരിങ്കൽ, ചെങ്കൽ ഖനനപ്രവർത്തനങ്ങൾക്ക് നിയമസഭാ പരിസ്ഥിതി സമിതിയുടെ ക്ലീൻ ചിറ്റ്

കോഴിക്കോട്:ജില്ലയിലെ പ്രധാന കരിങ്കൽ, ചെങ്കൽ ഖനനപ്രവർത്തനങ്ങൾക്ക് നിയമസഭാ പരിസ്ഥിതി സമിതിയുടെ ക്ലീൻ ചിറ്റ്. കേരള നദീസംരക്ഷണസമിതി നൽകിയ പരാതിക്കുള്ള മറുപടിയിൽ നിയമാനുസൃതമായാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് സമിതി റിപ്പോർട്ട് പറയുന്നു. എന്നാൽ റിപ്പോർട്ട് പ്രഹസനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.

കൂടരഞ്ഞി വില്ലേജിൽ ആറ് ക്വാറികളും കാരശ്ശേരി പഞ്ചായത്തിലെ കക്കാട്, കുമാരനെല്ലൂർ വില്ലേജുകളിലായി എട്ട് ക്വാറികളുമാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ജില്ലാ, സംസ്ഥാനതല പാരിസ്ഥിതികാഘാത നിർണയ അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിൽനിന്നുള്ള അനുമതിയോടെയും ഡി ആൻഡ് ഒ ലൈസൻസ് നേടിയുമാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറികളായതിനാൽ പാരിസ്ഥിതികാഘാതം കുറയ്ക്കാൻ നിർദേശിക്കുന്ന പടിപടിയായുള്ള പൊട്ടിക്കൽ നടപ്പാക്കാൻ സമയമെടുക്കുമെന്നും സമിതി റിപ്പോർട്ട് വ്യക്തമാക്കുന്നു.

വയലട, വട്ടിപ്പന, മുള്ളൻകൊല്ലി എന്നിവിടങ്ങളിലെ ക്വാറികളും ലൈസൻസോടുകൂടി പ്രവർത്തിക്കുന്നതാണ്. മരുതോങ്കര വില്ലേജിൽ മൂന്നുക്വാറികളും കാന്തലോട് വില്ലേജിലെ മൂന്നുക്വാറികളും മലബാർ വന്യജീവി സങ്കേതത്തിന്റെ പത്തുകിലോമീറ്റർ പരിധിയിലായതിനാൽ ഖനനം നിർത്തിവെച്ചിട്ടുണ്ട്. കീഴരിയൂരിലെ തങ്കമലക്വാറി പാരിസ്ഥിതികാനുമതി കാലാവധി തീർന്നതിനാൽ പ്രവർത്തിക്കുന്നില്ല. ഈ ക്വാറിക്ക് പരാതിപ്പെട്ടപോലെ ഇരുന്നൂറ് മീറ്റർ താഴ്ചയില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.

തലക്കുളത്തൂരിലെ എലിയോറമലയിൽ 0.99 ഹെക്ടർ സ്ഥലത്ത് പാരിസ്ഥിതികാനുമതി ലഭിച്ചശേഷമാണ് ചെങ്കല്ല് ഖനനാനുമതി അനുവദിച്ചത്. അനുമതി നൽകിയത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുണ്ട്. നിലവിൽ ഇവിടെ ഖനനം നടക്കുന്നില്ല. കിഴക്കോത്ത് പഞ്ചായത്തിലെ പാലോറമലയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി അനധികൃതമായി മണ്ണെടുത്തതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പൊൻപറക്കുന്ന്, നരിയോറമല എന്നിവിടങ്ങളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ മറുപടി മാത്രമാണ് റിപ്പോർട്ടിൽ ഉള്ളതെന്നും പരാതികൾ നേരിട്ട് പരിശോധിക്കാനുള്ള ശ്രമം സമിതിയിൽനിന്നുണ്ടായില്ലെന്നും നദീസംരക്ഷണസമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ പറഞ്ഞു

Related Articles

Leave a Reply

Back to top button