India

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം; പെരുവഴിയിലായ ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കേരള ഹൗസ്

ന്യൂഡല്‍ഹി: താമസിക്കാന്‍ ഇടമില്ലാതെ വിഷമിച്ച് നിന്ന ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ താമസ സൗകര്യം ഒരുക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തെ തുടര്‍ന്ന് സര്‍വകലാശാലകള്‍ അടച്ചിടുകയും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ എവിടെയും പോകാന്‍ കഴിയാതെ നിന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സുരക്ഷിത ഇടം ഒരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കിയതെന്ന് കേരള ഹൗസ് കണ്‍ട്രോളര്‍ ഗംഗാധരന്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെണ്‍കുട്ടികളടക്കം നൂറിലധികം വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പ്രത്യേക ബസില്‍ കേരള ഹൗസിലേയ്ക്ക് എത്തിയത്.

അലിഗഡ്, ജാമിയ മിലിയ സര്‍വകലാശാലകളില്‍ പഠിക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലുള്ളത്. ഹോസ്റ്റല്‍ അടച്ചതിനാല്‍ മറ്റൊരു താമസ സൗകര്യം കണ്ടെത്താന്‍ സാധിക്കാത്തതിനാലും വീട്ടിലേയ്ക്കു മടങ്ങാന്‍ തീവണ്ടി ടിക്കറ്റുകള്‍ ലഭിക്കാതെ വന്നതിനാലുമാണ് ഇവര്‍ ഡല്‍ഹിയില്‍ കുടുങ്ങിയത്.

ചൊവ്വാഴ്ച കേരള ഹൗസിലെത്തിയ സിപിഎം നേതാവ് വൃന്ദാ കാരാട്ട് വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. പ്രതിഷേധങ്ങളെയും മറ്റും മാനിക്കാതെ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം ഡിസംബര്‍ 15ന് അക്രമാസക്തമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പോലീസുമായി സംഘര്‍ഷം രൂപപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ജാമിയ മിലിയ യൂണിവേഴ്സിറ്റി ക്യാംപസില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയായിരുന്നു.Tags:Chief Minister Pinarayi VijayanCM Pinarayi Vijayan

Related Articles

Leave a Reply

Back to top button