Kodanchery

കെ.എസ്.ആർ.ടി.സി-ബീവറേജ് ഔട്ട്‌ലെറ്റുകൾ; കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു

കോടഞ്ചേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ ബീവറേജ് ഔട്ട്‌ലെറ്റുകൾ തുടങ്ങുന്നതിനെതിരെ കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു. സർക്കാരിന്റെ പൊതുഗതാഗത സംവിധാനത്തിൽ നിന്നും പൊതുജനങ്ങൾ അകന്നു പോകാനേ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ഈ തീരുമാനം വഴിവയ്ക്കൂ. കാരണം ഈ തീരുമാനം പൊതു ജനത്തിൻ്റെ സ്വസ്ഥത നശിപ്പിക്കുന്നതായി തീരും. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കരുത് എന്ന് നിയമമുള്ള നമ്മുടെ നാട്ടിൽ പൊതുജനം ഏറെയുള്ള ഒരു സ്ഥലത്ത് ബീവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോൾ തുടങ്ങാനുദ്ദേശിക്കുന്ന ഈ പദ്ധതികൊണ്ട് പൊതു സൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കണം.

കോടികൾ മുടക്കി സിനിമാ താരങ്ങളെ ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിലടക്കം പരസ്യത്തിലൂടെ മദ്യ നിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയശേഷം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് സർക്കാർ ഈ സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. പൊതുജന താൽപര്യം കണക്കിലെടുത്തത് ഈ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ഈ പ്രതിസന്ധി കാലഘട്ടത്തിൽ സർക്കാർ ചെയ്യേണ്ടതെന്നും, ഗതാഗതമന്ത്രി ആന്റണി രാജുവിനെപ്പോലെയുള്ളവർ സമൂഹത്തിന് മാതൃക കാട്ടി പുതിയ തലമുറയെ നേർവഴിക്ക് നടത്തുന്നതിന് ആവശ്യമായിട്ടുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും യോഗം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖലാ ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പൊതു സമൂഹം മുഴുവൻ മദ്യപിക്കുന്നവരാണ് എന്ന തെറ്റായ ധാരണ ഒഴിവാക്കിക്കൊണ്ട് സർക്കാർ യുവതലമുറയ്ക്ക് മാതൃക നൽകണമെന്നും, മദ്യവിൽപനയിൽ നിന്ന് കിട്ടുന്ന വരുമാനത്തെക്കാൾ പൊതുജന താൽപര്യവും, സുരക്ഷയും സർക്കാർ കണക്കിലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി മേഖലാ പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഫൊറോണ കോഡിനേറ്റർ സജി കരോട്ട്,സണ്ണി വെള്ളക്കാക്കുടിയിൽ, ജോസഫ് മൂത്തേടത്ത്, റെജി ചിറയിൽ, അഗസ്റ്റിൻ മഠത്തിൽ, ജയിംസ് നെല്ലിക്കയം, ജോസ് ഐരാറ്റിൽ, അപ്പച്ചൻ കുമ്പുക്കൽ, തങ്കച്ചൻ കല്ലംപ്ലാക്കൽ, വിൽസൺ തറപ്പിൽ,സർജു കുളപ്പുറത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button