Thiruvambady

തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു

തിരുവമ്പാടി: ബസുകളും ജീവനക്കാരും ഇല്ലാതെ തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു.8 ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ഇരുപതോളം സർവീസുകളാണ് നിലച്ചത്. 31 ഷെഡ്യൂളു 39 ബസ്സും ഉണ്ടായിരുന്ന തിരുവമ്പാടിയിൽ ഇപ്പോൾ 25 ഷെഡ്യൂളും 26 ബസുകളും ആണുള്ളത്.

30 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതോടെ ജോലിക്ക് ആളില്ലാതായി.മാനന്തവാടി, ബത്തേരി, തലശ്ശേരി, ഈരാറ്റുപേട്ട, കോട്ടയം, മൈസൂരു, മൂന്നാർ, പാലക്കാട് സർവീസുകൾ നിർത്തി. കോവിഡിനു ശേഷം വിദ്യാഭ്യാസം സ്ഥാപനങ്ങൾ തുറന്നതോടെ മലയോര മേഖലയിൽ ഏറെ യാത്രാദുരിതമാണ്. പല മേഖലകളിലും കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളാണ്. ഇത്തരം മേഖലകളിലും യാത്രക്കാർ പെരുവഴിയിലായി.കോവിഡ് കാലത്ത് തിരുവമ്പാടിയിലെ പല ബസുകളും മറ്റ് ഡിപ്പോകളിലേക്കു മാറ്റിയിരുന്നു.

ഇത്തരം ബസുകളൊന്നും സർവീസ് ആരംഭിച്ചപ്പോൾ തിരിച്ചു കിട്ടിയിട്ടില്ല. മലയോര മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായി ആരംഭിച്ച സബ്ഡിപ്പോ ആദിവാസി പ്രദേശങ്ങളിലും ഉൾനാടുകളിലും മികച്ച സേവനം ആണ് നേരത്തെ നടത്തിയിരുന്നത്.ദീർഘദൂര യാത്രയ്ക്ക് ടൗണിനെ ആശ്രയിക്കേണ്ട യാത്രക്കാർക്കും തിരുവമ്പാടി സബ് ഡിപ്പോ ഏറെ ഉപകാരമായിരുന്നു.

എന്നാൽ അധികൃതരുടെ അനാസ്ഥ തിരുവമ്പാടി സബ് ഡിപ്പോയെ ഈ അവസ്ഥയിലാക്കി. മറ്റ് പല ഡിപ്പോകളിൽ നിന്നും തിരുവമ്പാടിയിലേക്ക് സർവീസ് നടത്തിയിരുന്ന ദീർഘദൂര ബസുകളും പുനഃസ്ഥാപിച്ചില്ല.തിരുവമ്പാടി സബ് ഡിപ്പോയിലേക്കു ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുകയും ബസുകൾ അനുവദിക്കുകയും ചെയ്ത് യാത്രാ ദുരിതത്തിനു പരിഹാരം ഉണ്ടാക്കണമെന്ന് മലയോര മേഖല കെഎസ്ആർ ടിസി ഫോറം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button