മഴക്കാലത്തിനുമുമ്പ് റോഡ് പണി തീർക്കണം; മന്ത്രിക്ക് നിവേദനം നൽകി

കാരശ്ശേരി : പണിമുടങ്ങി യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായ മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണപ്രവൃത്തി മഴക്കാലത്തിനുമുമ്പ് തീർക്കാൻ നടപടി ആവശ്യപ്പെട്ട് റോഡ് ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
റോഡിന്റെ പകുതി ആദ്യ റീച്ച് എട്ടു കിടങ്ങുകൾ കുറുകെ കുഴിച്ചിട്ട നിലയിലായിട്ട് രണ്ടുമാസമായി. ഇനി പുതിയ കോൺട്രാക്ടറെ നിയമിക്കുംവരെ പണിമുടങ്ങിത്തന്നെ കിടക്കും. രണ്ടാമത്തെ റീച്ച് പഴയ ടാറിങ് പൊളിച്ചിട്ട നിലയിൽ ഉരുളൻകല്ലുകൾ കുന്നുകൂടിക്കിടക്കുകയാണ്. വാഹനയാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥ. വാഹനങ്ങൾ നട്ടും ബോൾട്ടും ഇളകിയും ചക്രങ്ങൾ പഞ്ചറായും കേടാവുന്നു.
ഇനിയും വൈകിയാൽ മഴ തുടങ്ങുന്നതോടെ പ്രവൃത്തി അനന്തമായി നീളും. ഈ സാഹചര്യത്തിൽ വേഗം പണിതീർക്കാൻ മന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് നിവേദനം. കൺവീനർ യൂനുസ് പുത്തലത്ത്, ഷാനവാസ് കീഴേടത്ത്, മുഹമ്മദ് മൂച്ചിത്തോടൻ, ആയൂബ് നടുവിലേടത്തിൽ, മൂസ നെല്ലിക്കുത്ത്, എൻ. അബ്ദുൾ സത്താർ എന്നിവരാണ് നിവേദനം നൽകിയത്