Thiruvambady

താത്കാലിക സ്റ്റേ നിലനിൽക്കുന്ന ക്വാറിയിൽനിന്ന് രാസവിഷമാലിന്യം വീണ്ടും തോട്ടിലേക്ക് ഒഴുക്കിവിട്ടു

തിരുവമ്പാടി : താത്കാലിക സ്റ്റേ നിലനിൽക്കുന്ന ക്വാറിയിൽനിന്ന് രാസവിഷമാലിന്യം വീണ്ടും തോട്ടിലേക്ക് ഒഴുക്കിവിട്ടു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുന്നക്കടവ് മാതാളിക്കുന്നേൽ കരിങ്കൽക്വാറിയിൽ കെട്ടിക്കിടക്കുന്ന മലിനജലമാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ വൻ കനാൽ കീറി തോട്ടിലേക്ക് ഒഴുക്കിവിട്ടത്. സംഭവമറിഞ്ഞ് നാട്ടുകാർ സംഘടിച്ചെത്തി.

പ്രതിഷേധത്തെത്തുടർന്ന് കനാൽകീറുന്നത് നിർത്തിവെച്ചു. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു കനാൽ കീറിയത്. തോട്ടിലേക്ക് ഒഴുക്കിവിടുന്ന മലിനജലം ഗുരുതര ആരോഗ്യഭീഷണി ഉയർത്തുന്നതായ റിപ്പോർട്ടിനെത്തുടർന്ന് ഒരാഴ്ചമുമ്പാണ് ക്വാറി പ്രവർത്തനത്തിന് പഞ്ചായത്ത് താത്കാലിക സ്റ്റേ നൽകിയത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാണ് പഞ്ചായത്ത് സെക്രട്ടറി ഒരുമാസത്തേക്ക് ക്വാറിപ്രവർത്തനം നിർത്തിവെച്ചത്. മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പരിശോധനയിൽ ക്വാറിയിൽനിന്നുവരുന്ന പാറപ്പൊടി കലർന്ന മലിനജലം ശേഖരിച്ച് സെറ്റിൽചെയ്ത് ശുദ്ധീകരിച്ച് പുറത്തുവിടാനുള്ള സിസ്റ്റം സ്ഥാപിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പോരായ്മ പരിഹരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ നിർദേശം. ഇതിന്റെഭാഗമായാണ് അവശിഷ്ടം പുറന്തള്ളിയതെന്നറിയുന്നു.

Related Articles

Leave a Reply

Back to top button