Karassery

എവിടെയുമെത്താതെ കക്കാട് ലിഫ്റ്റ്‌ ഇറിഗേഷൻ പദ്ധതി

കാരശ്ശേരി : കക്കാട് മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. പ്രദേശത്തെ കർഷകരും പാടശേഖരസമിതിയുമെല്ലാം ജലസേചനസൗകര്യമെത്തുന്നതും കാത്തിരിപ്പിലാണ്.

രണ്ടുവർഷം കഴിഞ്ഞിട്ടും ആകെ നിർമിച്ചത് പമ്പ്ഹൗസ് മാത്രം. കനാൽനിർമാണത്തിനും പൈപ്പ് സ്ഥാപിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ഇനിയും പൂർത്തിയായില്ല. സ്ഥലമുടമകളുമായി ചർച്ചനടക്കുകയാണ്. സ്ഥലം ലഭിച്ചാലേ പ്രവൃത്തി തുടങ്ങാനാകു. കനാൽനിർമാണം, ടാങ്ക് നിർമാണം, പൈപ്പ് സ്ഥാപിക്കൽ, ബണ്ടുകെട്ടൽ, ട്രാൻസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കൽ തുടങ്ങിയ പ്രധാന പണികളൊന്നും തുടങ്ങിയിട്ടില്ല.

2020-ൽ അന്നത്തെ ജലവിഭവവകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് പദ്ധതിപ്രവർത്തനം ഉദ്ഘാടനം ചെയ്തത്. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ 200 ഹെക്ടറോളം നെൽവയലടക്കം പ്രദേശത്തെ കാർഷികാഭിവൃദ്ധിക്കും വെള്ളക്ഷാമം പരിഹരിക്കുന്നതിനുമാണ് മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. എം.എൽ.എ.യായിരുന്ന ജോർജ് എം. തോമസ് മുൻകൈയെടുത്ത് ചെറുകിട ജലസേചനവകുപ്പിൽനിന്ന് 1.25 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ വിഭാഗം, ഇലക്ട്രിക്കൽ വിഭാഗം, ജലസേചനവകുപ്പ്, വൈദ്യുതിവകുപ്പ് എന്നിവയ്ക്കാണ് പദ്ധതി നിർവഹണച്ചുമതല.

കക്കാടം തോടിന്റെ കരയിൽ കോട്ടമുഴി പാലത്തിനു സമീപത്താണ് പമ്പ്ഹൗസ് നിർമിച്ചതും ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതും. ഇതിനടുത്തുതന്നെ ഇരുവഞ്ഞിപ്പുഴയോട് ചേരുന്ന കക്കാടംതോടിനാണ് ബണ്ട് കെട്ടേണ്ടത്. കക്കാടംകുന്നിൽ മിനിടാങ്ക് നിർമിക്കണം. ഇതിലേക്ക് വെള്ളം പമ്പുചെയ്ത് എത്തിക്കും. അവിടെനിന്ന് കനാലുകൾ വഴി നെല്ലിക്കാപ്പറമ്പുവരെ വെള്ളമെത്തിക്കും. കനാലില്ലാത്തിടത്ത് പൈപ്പുകൾ വഴിയാകും ജലസേചനം.

Related Articles

Leave a Reply

Back to top button