Thottumukkam

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം; തോട്ടുമുക്കത്ത് പ്രതിഷേധ റാലിയും വിശദീകരണ യോഗവും നടത്തി

തോട്ടുമുക്കം: വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്‌ തോട്ടു മുഖത്ത് പ്രതിഷേധ റാലിയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാ സൈന്യമായി പ്രവർത്തിച്ച വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ജീവിക്കുവാൻവേണ്ടി നടത്തുന്ന സമരത്തെ തീവ്രവാദ ബന്ധം ആരോപിച്ച് അടിച്ചമർത്താനും ബിഷപ്പുമാരെ കള്ള കേസിൽ കുടുക്കി ബുദ്ധിമുട്ടിക്കാനും നടത്തുന്ന കുൽസിത ശ്രമങ്ങളെ ചെറുക്കുമെന്ന് തോട്ടുമുക്കം മേഖലാ കത്തോലിക്കാ കോൺഗ്രസ് പ്രസ്താവിച്ചു.

മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തോട്ടമുക്കം മേഖലാ ഡയറക്ടർ ഫാ.ആന്റോ മൂലയിൽ ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ അഴിമതികൾ പരിശോധിക്കണമെന്നും പ്രതിപക്ഷത്ത് ഇരുന്ന കാലത്ത് വിഴിഞ്ഞംപദ്ധതി പ്രദേശത്തെ മത്സ്യബന്ധനത്തിന് മരണമണി മുഴക്കുകയാണ് എന്നും ഇവിടെ കടലിന് കണ്ണുനീരിന്റെ ഉപ്പാണെന്നും പറഞ്ഞ ഇന്നത്തെ ഭരണാധികാരികൾ എന്തുകൊണ്ട് സർവ്വ അധികാരങ്ങളും ഉണ്ടായിട്ടും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നു എന്ന് വ്യക്തമാക്കണം എന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ.സബിൻ തൂമുള്ളിൽ ആവശ്യപ്പെട്ടു.

തോട്ടുമുക്കം മേഖലാ പ്രസിഡണ്ട് സാബു വടക്കേപ്പടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിംസ് തൊട്ടിയിൽ, കത്തോലിക്ക കോൺഗ്രസ് രൂപത സെക്രട്ടറി അനീഷ് വടക്കേൽ, വൈസ് പ്രസിഡണ്ട് തോമസ് മുണ്ടപ്ലാക്കൽ, കെ കെ ജോർജ്, ഷാജു തുടങ്ങിയവർ സംസാരിച്ചു. തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി തോട്ടുമുക്കം പള്ളിത്താഴങ്ങാടിയിൽ സമാപിച്ചു. റാലിക്ക് സോജൻ നെല്ലിയാനി, സെബാസ്റ്റ്യൻ പൂവത്തുംകൂടി, ഷിബിൻ പൈകട, ജോസ് പാലിയത്തിൽ, ജിയോ വെട്ടുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button