അടിവാരം-നൂറാംതോട് റോഡിലെ പോത്തുണ്ടി പാലം താൽക്കാലികമായി തുറന്നു

കോടഞ്ചേരി: അടിവാരം-നൂറാംതോട് റോഡിലെ പോത്തുണ്ടി പാലം നിയന്ത്രണങ്ങളോടെ താൽക്കാലികമായി ഗതാഗതത്തിനു തുറന്നു കൊടുത്തു. പാലം പ്രവർത്തി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയായിട്ടില്ല. സ്കൂൾ ബസുകൾക്കും സ്വകാര്യ ബസുകൾക്കും മറ്റു ചെറു വാഹനങ്ങൾക്കുമാണ് പുതിയ പാലത്തിലൂടെ പോകാൻ അനുമതി നൽകിയത്.
പാറക്കല്ലുകൾ കൊണ്ടുവന്നിട്ടാണ് വാഹനങ്ങൾക്ക് പോകുന്നതിന് താൽക്കാലിക സൗകര്യം ഒരുക്കിയത്. മഴ ശക്തമാകുകയും കുണ്ടും കുഴിയും നിറയുകയും ചെയ്തതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായിരുന്നു. കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറു വാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും കുഴികളിൽ കുടുങ്ങി അപകടത്തിൽ പെടുന്നത് പതിവാണ്. വലിയ ബോളറുകൾക്കു പകരം ക്വാറി വേസ്റ്റ് കൊണ്ട് വന്നിട്ട് കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാലത്തിന്റെ ഇരു വശങ്ങളിലും 100 മീറ്റർ നീളത്തിൽ പുതിയ അപ്രാച്ച് റോഡിന്റെ പണി നടന്നു വരുന്നു. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 23 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പുതിയ പോത്തുണ്ടി പാലം പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ അനുവദിച്ചാണ് നിർമ്മിച്ചത്. മഴ മാറിയാൽ മാത്രമേ അപ്രോച്ച് റോഡിന്റെ ടാറിങ് ആരംഭിക്കാനാവൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.