Thiruvambady

ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം; ഫുഡ് പ്ലേറ്റ് പദ്ധതിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

തിരുവമ്പാടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജീവതാളം. ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പ്രാരംഭഘട്ടത്തിൽ തന്നെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്തുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുക എന്നതുമാണ് ജീവിതശൈലി രോഗങ്ങൾ ചെറുക്കുന്നതിനുള്ള ഒരേ ഒരു പോംവഴി. ജീവിതശൈലി രോഗങ്ങളുടെ വ്യാപ്തി വർദ്ധിക്കുകയും രോഗാവസ്ഥയും മരണങ്ങളും വർദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളെ തടയാനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 26ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും സമീകൃതാഹാരം വിളമ്പുന്ന ശാസ്ത്രീയ രീതിയായ ഫുഡ്‌ പ്ലേറ്റ് സംവിധാനത്തിൽ ഭക്ഷണം ഒരുക്കുന്നു.

സെപ്റ്റംബർ 29ന് എല്ലാ വിദ്യാലയങ്ങളിലും അംഗനവാടികളിലും ഓഫീസുകളിലും ഫുഡ്‌ പ്ലേറ്റ് രീതിയിലാണ് ഭക്ഷണം കഴിക്കുക. കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, വിവിധ ഡിപ്പാർട്ട്മെന്റുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഫുഡ് പ്ലേറ്റ് എന്നാൽ നാം കഴിക്കുന്ന ഭക്ഷണ പ്ലേറ്റിന്റെ പകുതിഭാഗം പച്ചക്കറികളും പഴവർഗ്ഗങ്ങളും ബാക്കി പകുതിയിൽ 30% ധാന്യം (അരി, ഗോതമ്പ് മുതലായവ) 20% മാംസ്യം, (പയർ വർഗ്ഗങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ) എന്നിവ ചേർന്ന സമീ കൃതാഹാരം വിളമ്പുന്ന ശാസ്ത്രീയ രീതിയാണ്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും ജലവും കൃത്യമായ അളവിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഭക്ഷണ രീതിയാണ് ഫുഡ്‌ പ്ലേറ്റ്. വീടുകളിൽ രാത്രിയിലെ ഭക്ഷണം ഫുഡ് പ്ലേറ്റ് രീതിയിൽ തയ്യാറാക്കി കുടുംബത്തോടൊപ്പം ഒന്നിച്ചു ഭക്ഷണം കഴിക്കുകയും, ഫുഡ്‌ പ്ലേറ്റിന്റെ ഫോട്ടോ എടുക്കുകയും കുടുംബശ്രീ ഭാരവാഹികൾക്ക് അയച്ചുകൊടുക്കുകയും ചെയ്ത് ഏറ്റവും നല്ല ഫുഡ് പ്ലേറ്റ് തയ്യാറാക്കിയ കുടുംബത്തിന് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സമ്മാനങ്ങൾ നൽകുകയും ചെയ്യും.

Related Articles

Leave a Reply

Back to top button