തിരുവമ്പാടി തുരുത്ത് ചപ്പാത്തിൽ കാർ പുഴയിലേക്ക് തെന്നി അപകടം

തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡിൽ തുരുത്ത് ചപ്പാത്തിൽ വീണ്ടും കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് തെന്നി അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുന്നക്കൽ ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് പുഴയിലേക്ക് തെന്നിയത്. നാട്ടുകാർ തള്ളിക്കയറ്റിയാണ് കാർ കരയ്ക്കടുപ്പിച്ചത്. ശനിയാഴ്ച ഇവിടെ മറ്റൊരു കാർ അപകടത്തിൽപ്പെട്ടിരുന്നു. അപരിചിത വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാണ്.
ഇടയ്ക്കിടെ മലവെള്ളപ്പാച്ചിലുണ്ടാകുന്ന പൊയിലിങ്ങാപ്പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്തിലൂടെയുള്ള ഗതാഗതം ഒട്ടും സുരക്ഷിതമല്ല. വഴിക്കടവ് പാലം പുനർനിർമാണത്തെത്തുടർന്ന് ഗതാഗതം നിരോധിച്ചതോടെ തറിമറ്റം-തുരുത്ത് ചപ്പാത്ത് വഴിയുള്ള വാഹനഗതാഗതം പതിന്മടങ്ങായി വർധിച്ചിരിക്കുകയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഗതാഗതഭീഷണി ഒഴിവാക്കാൻ വഴിക്കടവ് പാലം ഉടൻ തുറന്നുകൊടുക്കാൻ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.