ഡിജിറ്റൽ പെയ്മെന്റ് സൗകര്യങ്ങൾ ഒരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെന്റ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട തുക നാളിതുവരെ ക്യാഷ് രൂപത്തിൽ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇനി മുതൽ ബി.എച്ച്.ഐ.എം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ വിവിധ പെയ്മെന്റ് ആപ്പുകളുടെ സഹായത്തോടുകൂടി വേഗത്തിൽ പണമിടപാടുകൾ നടത്തുവാനുള്ള സൗകര്യങ്ങൾ ആരംഭിച്ചു.
ഡിജിറ്റൽ പെയ്മെൻ്റ് സംവിധാനത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറബത്ത്, കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, റുഖിയ റഹീം, കെ.പി ഷാജി, ഇ.പി അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.