പുല്ലൂരാംപാറയിൽ കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി
തിരുവമ്പാടി: സംസ്ഥാന, ജില്ലാ, ഉപജില്ലാ കായികമേളകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക പ്രതിഭകൾക്കും പരിശീലനം നൽകുന്ന മലബാർ സ്പോർട്‌സ് അക്കാദമിയിലെ പരിശീലകർക്കും പുല്ലൂരാംപാറയിലെ വിവിധ സംഘടനകളുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലകരായ ജീഷ് കുമാർ, ധനൂപ് ഗോപി, മനോജ് ചെറിയാൻ, ആഷിഖ്, ജോളി തോമസ്, ഡോണി അരഞ്ഞാണി പുത്തൻപുര, അനുപമ മനോജ് എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. അൽബ മനോജ്, കരോളിന മാത്യു, ഡോണ മരിയ ഡോണി, മിലൻ തോമസ്, ആൽഫൻ അമീൻ എന്നീ വിദ്യാർഥികളെയാണ് ദേശീയ കായിക മേളയിലേക്ക് തിരഞ്ഞെടുത്തത്.
ചടങ്ങിൽ പ്രധാനാധ്യാപകരായ കെ.ജെ ആന്റണി, ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ, സിബി കുര്യാക്കോസ്, ലിസി അബ്രഹാം, കെ.ഡി ആന്റണി, വിൽസൺ താഴത്തുപറമ്പിൽ, പി.ടി അഗസ്റ്റിൻ, ജോസി ഫ്രാൻസിസ്, ജെയ്‌സൻ മണികൊമ്പിൽ, ടി.ടി തോമസ് തുടങ്ങിയവർ സംസാരിച്ചു.