Mukkam

കുന്ദമംഗലം ബി.ആർ.സി സ്നേഹമുത്തം സംഗമം സംഘടിപ്പിച്ചു

മുക്കം: വിദ്യാലയങ്ങളിൽ പോകാനാകാതെ വീടുകളിൽ കഴിയുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി കുന്ദമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സ്നേഹമുത്തം സംഗമം സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ബി.ആർ.സി പരിധിയിലെ കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 31 കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം നൂറിലെറെ പേർ മുക്കം മാളിൽ നടത്തിയ സംഗമത്തിൽ പങ്കെടുത്തു. ജോഷി ചെറിയാന്റെ ഗിറ്റാർ വായനയും കെ.ആർ മുക്കത്തിന്റെ മാജിക് പ്രകടനവും കുട്ടികൾക്ക് ആഹ്ലാദമേകി. എന്റെ മുക്കം സന്നദ്ധ സേന, ഗ്രേസ് പാലിയേറ്റീവ്, വ്യാപാരി സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.

ലിന്റോ ജോസഫ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ പി.ടി ബാബു അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ചിൽഡ്രൻ നൊബേൽ പീസ് ഫൈനലിസ്റ്റ് അസിം വെളിമണ്ണ മുഖ്യ അതിഥിയായി. ഇ.എം.എസ് സഹകരണ ആശുപത്രിയിലെ ഡോക്ടർ ഗിരിജ സാവിത്രി, കെ.എം.സി.ടി ആയുർവേദ ആശുപത്രിയിലെ ഡോക്ടർ സരുൺ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടത്തി മരുന്നുകൾ വിതരണം ചെയ്തു.

നഗരസഭ ഉപാധ്യക്ഷ പി ചാന്ദിനി, എൻ.കെ അബ്ദുറഹിമാൻ, കാഞ്ചന കൊറ്റങ്ങൽ, ബി.ആർ.സി കോഡിനേറ്റർ പി.എൻ അജയൻ, പി.കെ മനോജ് കുമാർ, പി അലി അക്ബർ, കെയർ ആൻഡ് ക്യൂർ ചെയർമാൻ അബ്ദുറഹിമാൻ, റഫീഖ് വാവാച്ചി, ഇ അമ്പിളി, എ സത്യനാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ബി.ആർ.സി പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കനറാ ബാങ്ക്, എസ്.ബി.ഐ പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button