Kodanchery

കുപ്പായക്കോട് റോഡ് പണി ആരംഭിക്കും എന്നത് വാഗ്ദാനത്തിൽ ഒതുങ്ങി; ഗതികെട്ട നാട്ടുകാർ കരാറു കമ്പനിയുടെ വാഹനം തടഞ്ഞിട്ടു

കോടഞ്ചേരി : പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു ഒരു മാസത്തിനുള്ളിൽ തകർന്ന ഈങ്ങാപ്പുഴ -കുപ്പായക്കോട് കണ്ണോത്ത് റോഡിൽ, കുപ്പായക്കോട് പാലത്തിനോട് ചേർന്ന് റോഡ് രണ്ടു സൈഡും തകർന്ന്, കഴിഞ്ഞ രണ്ടുമാസമായി, വാഹന ഗതാഗതം പൂർണമായും കാൽനടയാത്രക്കാർക്ക് പോലും യാത്ര ദുഷ്കരമായ അവസ്ഥയിൽ ആണുള്ളത്. പിഡബ്ല്യുഡിയുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും വലിയ പ്രതിഷേധത്തിൽ ആയിരുന്നു. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വവും, കരാർ കമ്പനിയുടെ അലംഭാവവും, നിർമ്മാണത്തിലെ അശാസ്ത്രീയതയും മൂലമാണ് റോഡ് തകർന്നതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. കാലാവസ്ഥയുടെ പേരിൽ പുനർ നിർമ്മാണം അനന്തമായി നീട്ടികൊണ്ട് പോകാൻ ആയിരുന്നു പിഡബ്ല്യുഡി തീരുമാനം എന്ന് ജനങ്ങൾ മുൻപേ ആരോപണം ഉന്നയിച്ചിരുന്നു.

കുപ്പായക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഈ ആഴ്ച ആദ്യം പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മിഥുൻ ഐ കെ യുമായി നടത്തിയ ചർച്ചയിൽ മുടങ്ങിക്കിടന്നിരുന്ന പ്രവർത്തികൾ ബുധനാഴ്ച ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. മണ്ഡലം പ്രസിഡണ്ട് രാജേഷ് ജോസ്, വാർഡ് മെമ്പര്മാരായ ഷിൻ ജോ തൈക്കൽ മോളി ആന്റോ, അമൽരാജ്, ദേവസ്യ ചോള്ളമഠം, സന്തോഷ് മാളിയേക്കൽ എന്നിവരുമായി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കരാർ കമ്പനിയോട് പ്രവർത്തി ആരംഭിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.

പക്ഷേ ഈ തീരുമാനം വെറും വാക്കിൽ ഒതുങ്ങി. പറഞ്ഞ ദിവസം കഴിഞ്ഞ് രണ്ടുദിവസമായിട്ടും പണികൾ ഒന്നും തുടങ്ങിയിരുന്നില്ല. ഇതാണ് നാട്ടുകാരെ വീണ്ടും പ്രകോപിപ്പിച്ചത്. മുടങ്ങി കിടക്കുന്ന പണി കരാറുകാരൻ പുനരാരംഭിക്കാത്തതിന്റെ ഭാഗമായി വാർഡ് മെമ്പർ ഷിൻജോ തൈ യ്ക്കന്റെയും ദേവസ്യ ചൊള്ളാമടത്തിലിന്റെയും നേതൃത്വത്തിൽ മലബാർ പ്ലസ് കരാറുകാരുടെ ടോറസ് വാഹനം കണ്ണോത്ത് തടഞ്ഞത്. കോടഞ്ചേരി സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇരുപതാം തീയതി തിങ്കളാഴ്ച പണി ആരംഭിക്കും എന്ന് കരാർ കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button