പൂളവള്ളിയിൽ റോഡ് നിർമ്മാണത്തിലെ അനാസ്ഥ; നട്ടം തിരിഞ്ഞ് നാട്ടുകാർ
കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്ന കലുങ്ക് ഉയർത്തി പുതുക്കി പണിതതിനെ തുടർന്ന് നടത്തിയ റോഡിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയിട്ട് ഒരു മാസത്തോളമായിട്ടും റോഡ് യാത്രാ യോഗ്യമാക്കാത്തത് മൂലം ദുരിതത്തിലായി യാത്രക്കാർ. കലുങ്ക് നിർമ്മിച്ച കരാറുകാരൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് കലുങ്കിന്റെ ഇരുഭാഗത്തും സ്വന്തം ചിലവിൽ കോറിവേസ്റ്റ് നിരത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ രണ്ട് മാസമായി നടക്കുന്ന അനുബന്ധ റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടി പൂർണ്ണമായും മണ്ണ് നിരത്താത്തതിനാൽ മഴയിൽ ചെളി നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
സ്കൂൾ ബസുകളും സ്വകാര്യ ബസ്സും മറ്റു നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഗ്രാമപഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് പണി പൂർത്തീകരിക്കാത്ത കരാറുകാരന്റെയും പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെയും കെടുകാര്യസ്ഥത മൂലവും പ്രവർത്തികൾ അനന്തമായി നീളുന്നതും കാരണമാണ് പൊതുജനങ്ങൾക്ക് യാത്ര സൗകര്യമുണ്ടാക്കി കൊടുക്കാൻ വൈകുന്നത് എന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. അനുബന്ധ റോഡ് എത്രയും പെട്ടെന്ന് പണി പൂർത്തിയായില്ലെങ്കിൽ പ്രദേശവാസികൾ പഞ്ചായത്ത് എൻജിനീയറിങ് വിങ്ങിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്നും അറിയിച്ചു.