കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമാണെന്ന് പ്രാഥമിക വിവരം
കോടഞ്ചേരി: കാണാതായ യുവാവിനെ മരിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പ്രാഥമിക വിവരം. നൂറംതോട് സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു.
കോട്ടക്കലിൽ ആയുർവേദ നേഴ്സിങ്ങിന് പഠിക്കുന്ന നിതിൻ ഏഴാം തീയതി നാട്ടിലേക്ക് പുറപ്പെട്ടതാണ്. എന്നാൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞദിവസം രക്ഷിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.കണ്ണോത്തിനു സമീപം മഞ്ചപ്പാറ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന കൈപ്പുറം സ്വദേശി വേളങ്ങോട്ട് അഭിജിത്തിനെയാണ് (27) കോടഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.
പരാതി ലഭിച്ച 24 മണിക്കൂറിനുള്ളിൽ കോടഞ്ചേരി സി.ഐ പ്രവീൺകുമാർ കെയുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എസ് ഐ മാരായ അബ്ദു എം, സജു സി സി, സിപിഒ മാരായ റഫീഖ് പി.പി, ഷനിൽകുമാർ, രാജു കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.