Thiruvambady

ഫണ്ട് പാസാക്കിയില്ല; തിരുവമ്പാടി സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

തിരുവമ്പാടി : മാർച്ച് 25-ന് നൽകിയ ബില്ലുകളുൾപ്പെടെ പാസാക്കാതെ തിരിച്ചയച്ചതിൽ പ്രതിഷേധിച്ച് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. ജനപ്രതിനിധികൾ തിരുവമ്പാടി സബ് ട്രഷറി ഓഫീസിനുമുമ്പിൽ പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭവന പുനരുദ്ധാരണത്തിനുള്ള ഭൂരിഭാഗം ബില്ലുകളും തിരിച്ചയച്ചിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തിനുള്ള വിവാഹധനസഹായം, പട്ടികവർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, ലൈഫ് ഭവനപദ്ധതിയുടെ വിഹിതം തുടങ്ങിയവയും മടക്കി. പതിവിന് വിപരീതമായി മാർച്ച് 27-നുവന്ന ഉത്തരവ് പ്രകാരം അന്നേദിവസം മൂന്ന് മണി വരെ മാത്രമേ ബില്ലുകൾ പാസാക്കാൻ സാധിച്ചിട്ടുള്ളൂവെന്നാണ് ട്രഷറി അധികൃതർ പറയുന്നത്.

അതേസമയം മാർച്ച് 30-ന് തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലുള്ള ഐ.കെ. എമ്മിന് ഓമശ്ശേരിപ്പഞ്ചായത്തിന്റെ വിഹിതമായ ഒമ്പത് ലക്ഷം രൂപ ട്രഷറിയിൽനിന്ന് മാറിക്കൊടുത്തിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. അടിസ്ഥാന വിഭാഗങ്ങളുടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള നിസ്സാരതുകപോലും നൽകാതെ മടക്കിയയച്ചപ്പോൾ പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള ഇൻഫർമേഷൻ കേരളമിഷന് നിയന്ത്രണങ്ങൾക്കിടയിലും ബിൽ പാസാക്കി നൽകിയത് അനീതിയാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, വൈസ് പ്രസിഡന്റ് ഫാത്വിമ അബു, വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ സീനത്ത് തട്ടാഞ്ചേരി, കെ. കരുണാകരൻ, അംഗങ്ങളായ പി. അബ്ദുൽ നാസർ, എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജാ ബാബു, അശോകൻ പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related Articles

Leave a Reply

Back to top button