Mukkam

കരുതലേകാം ഈ സഹോദരങ്ങൾക്ക് : കിടപ്പിലായ സഹോദരങ്ങളെ പരിചരിക്കാൻ ആളില്ല

മുക്കം : ഡൈനിങ് ഹാളിന് അരികിൽ നിരയായി സ്ഥാപിച്ചിരിക്കുന്ന മൂന്നു ബെഞ്ചുകൾ. ബെഞ്ചിന് സമീപം സൂക്ഷിച്ചിരിക്കുന്ന പഴയ കസേര. തൊട്ട് അരികിലുള്ള കട്ടിലിൽ പരസഹായമില്ലാതെ ഒന്നെഴുന്നേൽക്കാൻകൂടി കഴിയാതെ കിടക്കുന്ന ചന്ദ്രൻ. തൊട്ടടുത്തമുറിയിൽ സമാന രോഗം ബാധിച്ച് കിടപ്പിലായ രണ്ട് സഹോദരിമാർ. ഇളയ സഹോദരിയായ തങ്കമണിക്ക് സഹോദരങ്ങൾക്ക് അടുത്തേക്ക് എത്താനുള്ള മാർഗമാണ് ആ ബെഞ്ചുകളും കസേരയും.

മുക്കം അഗസ്ത്യൻമുഴി സ്വദേശിയായ കപ്പടച്ചാലിൽ ചന്ദ്രന്റെയും മൂന്ന് സഹോദരിമാരുടെയും ജീവിതം നാലു ചുമരുകൾക്കുള്ളിലായിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടു. സന്നദ്ധ സംഘടനകളുടെയും വിദ്യാർഥികളുടെയും കരുതലിലായിരുന്നു ഇവരുടെ ഓരോദിവസവും കടന്നു പോയത്. എന്നാൽ, കോവിഡും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളും ഈ കുടുംബത്തിന് മേൽ ദുരിതത്തിന്റെ കരിനിഴൽ വീഴ്ത്തി.

പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും കിടക്കയിൽനിന്ന് മാറ്റിക്കിടത്താനും ഭക്ഷണം വാരിക്കൊടുക്കാനുമൊക്കെ ചന്ദ്രനും കുടുംബത്തിനും രണ്ടുപേരുടെ സഹായം ആവശ്യമാണ്. എന്റെ മുക്കം സന്നദ്ധസേനയുടെയും രാഹുൽ ബ്രിഗേഡിന്റെയും എം.എ.എം.ഒ. കോളേജിലെ വിദ്യാർഥികളുമായിരുന്നു ഇവരെ പരിചരിച്ചിരുന്നത്.

എന്നാൽ, കോവിഡ് വ്യാപനത്തെത്തുടർന്ന് കോളേജുകൾ അടച്ചതോടെ വിദ്യാർഥികൾക്ക് ഇവിടെ എത്തിപ്പെടാൻ പറ്റാതെയായി. ചന്ദ്രേട്ടന്റെ വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെ കാൻറീനിൽനിന്ന് സൗജന്യമായി നൽകിയിരുന്ന ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നൽകിയിരുന്നത് കോളേജ് വിദ്യാർഥികളായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി എത്തിയതോടെ രാഹുൽ ബ്രിഗേഡ് പ്രവർത്തകരും തിരക്കിലായി. ഇതോടെ, ഈ കുടുംബത്തെ പരിചരിക്കാനും ഭക്ഷണം വാരിക്കൊടുക്കാനും ആളില്ലാത്ത അവസ്ഥയായി. ആശുപത്രിയിലെ കാൻറീനിൽനിന്ന് സൗജന്യമായി നൽകുന്ന ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നൽകാൻ ആളില്ലാതായതോടെ അന്നവും മുട്ടി.

ഇരുപത്തിരണ്ടാം വയസ്സിൽ രോഗം പിടിപെട്ട ചന്ദ്രന് ആശ്വാസമായിരുന്ന സഹോദരൻ അപകടത്തിൽ മരിക്കുകയും സഹോദരിമാരായ തങ്ക, ദേവി, മാളു എന്നിവർക്ക്‌ സമാനരോഗം പിടിപെടുകയും ചെയ്തതോടെ കുടുംബം ദുരിതത്തിലായി. പരസഹായംകൂടാതെ പ്രാഥമിക കർമങ്ങൾപോലും ചെയ്യാൻ കഴിയില്ല.

Related Articles

Leave a Reply

Back to top button