നെല്ലിക്കാപറമ്പിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂന (42) ആണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി സ്വദേശികളായ ഒരേ കുടുംബത്തിലെ ആറു പേരാടങ്ങിയ സംഘം മൂന്നാറിൽ നിന്നും വിനോദ യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടുംബ സഞ്ചരിച്ച കാറും മുക്കം അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ചാണ് ഇന്ന് പുലർച്ചെ മുക്കത്തിനടുത്തുള്ള നെല്ലിക്കാപറമ്പിൽ വെച്ച് അപകടം സംഭവിക്കുന്നത്.
അപകടത്തെ തുടർന്ന് കാറിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. സംഭവം നടന്ന ഉടനെ രക്ഷാപ്രവർത്തനവുമായി സന്നദ്ധ സേന അംഗങ്ങളായ മുനീഷ് കാരശ്ശേരി, അനീഷ് വി.പി, മുനീർ നെല്ലിക്കാപറമ്പ്, പ്രകാശൻ, സലീം തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് പരിക്കു പറ്റിയവരെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.