Mukkam

അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും; അഗസ്ത്യൻമുഴിയിൽ തിങ്ങിഞെരുങ്ങി വാഹനങ്ങൾ

മുക്കം : അഗസ്ത്യൻമുഴി അങ്ങാടിയിലെ റോഡിന്റെ വീതികുറവും അനധികൃത പാർക്കിങ്ങും മൂലം ഞെരുങ്ങിനീങ്ങി വാഹനങ്ങൾ. ഗതാഗതക്കുരുക്ക് മറികടക്കാനുള്ള തിരക്കുപിടിച്ച യാത്രകൾക്കിടെ വാഹനാപകടങ്ങളും മരണവും റിപ്പോർട്ടുചെയ്തിട്ടും അധികൃതർ പരിഹാരനടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയും കുന്ദമംഗലം-തിരുവമ്പാടി-മറിപ്പുഴ സംസ്ഥാനപാതയും സംഗമിക്കുന്ന അഗസ്ത്യൻമുഴിയിൽ ഗതാഗതക്കുരുക്കൊഴിഞ്ഞ സമയം വിരളമാണ്.

നാല് വിദ്യാഭ്യാസസ്ഥാപനങ്ങളും മൂന്ന് സിനിമാതിയേറ്ററുകളും മിനി സിവിൽ സ്റ്റേഷനും അഗ്നിരക്ഷാനിലയവും ആശുപത്രിയുമെല്ലാം പ്രവർത്തിക്കുന്ന അഗസ്ത്യൻമുഴിയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. പ്രദർശനം കഴിഞ്ഞ് ആളുകളിറങ്ങുന്ന സമയത്ത് ഗതാഗതക്കുരുക്കിന്റെ നിര ഒരു കിലോമീറ്ററോളം പിന്നിടും. ഇ.എം.എസ്. ആശുപത്രിയിലെയും മുക്കം സി.എച്ച്.സി.യിലെയും ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യകാഴ്ചയാണ്. രൂക്ഷമായ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞ 19-ന് ടിപ്പർ ലോറി കയറി മാധവിയെന്ന വീട്ടമ്മയുടെ ജീവൻ റോഡിൽ പൊലിഞ്ഞത്. അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം വേണമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണം കഴിഞ്ഞതോടെ സംസ്ഥാനപാതയിലെ കുപ്പിക്കഴുത്താണ് അഗസ്ത്യൻമുഴി അങ്ങാടി. അങ്ങാടിയിൽ റോഡിന്റെ വീതി കാര്യമായി കൂട്ടാൻ സാധിച്ചിട്ടില്ല. പണി പൂർത്തിയായപ്പോൾ റോഡ് ഒരടിയോളം ഉയരുകയും ചെയ്തു. അങ്ങാടിയിലെ റോഡും നടപ്പാതയും ഒരേ ഉയരത്തിലായതോടെ ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെയുള്ളവർ നടപ്പാതയിൽ വാഹനം പാർക്കുചെയ്യാനും തുടങ്ങി. ഇതോടെ, പ്രദേശത്തെ വിവിധ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ്.

Related Articles

Leave a Reply

Back to top button