Karassery

കുടിവെള്ളവിതരണ സംരംഭം അടപ്പിക്കാനുള്ള നടപടി കുടുംബശ്രീ പ്രവർത്തകർ തടഞ്ഞു

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മാന്ത്രയിൽ പ്രവർത്തിക്കുന്ന ഇരുവഴിഞ്ഞി തീർഥം കുടിവെള്ള പദ്ധതി പൂട്ടിയിടാനുള്ള ഗ്രാമപ്പഞ്ചായത്തിന്റെ നടപടി കുടുംബശ്രീ പ്രവർത്തകർ തടഞ്ഞു. ഏഴുവർഷംമുൻപ് മുൻഭരണസമിതിയുടെകാലത്ത് സംസ്ഥാനസർക്കാരിന്റെ ധനകാര്യ ഗ്രാൻറും ബാങ്കിൽനിന്ന് ലോണെടുത്തും പതിനെട്ടാംവാർഡിലെ ഗ്രാമസഭ തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി തുടങ്ങിയതാണ് സംരംഭം. വെള്ളം വലിയകുപ്പികളിൽ നിറച്ച് പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും അങ്ങാടികളിലെ വ്യാപാരസ്ഥാപനങ്ങളിലുംമറ്റും വാഹനത്തിലെത്തിച്ചാണ് വിപണനം നടത്തുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പഞ്ചായത്ത് ഉദ്യോഗസ്ഥർ പദ്ധതി പൂട്ടിയിടാനെത്തിയപ്പോൾ നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചു. കുടുംബശ്രീ വനിതകൾ നടത്തുന്ന സ്ഥാപനം പഞ്ചായത്തുമായുണ്ടാക്കിയ കരാർപ്രകാരമുള്ളതാണെന്നും ഈ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ പഞ്ചായത്ത്തന്നെ നേതൃത്വംനൽകേണ്ടതുണ്ടെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്. തീരുമാനത്തിനെതിരേ സംസ്ഥാനസർക്കാരിന് പരാതി കൊടുക്കുന്നതോടൊപ്പം നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. വിജിഷാ സന്തോഷ്, രമ്യാ ഗിരീഷ്, രജനി ബൈജു എന്നിവർചേർന്നാണ് പദ്ധതി നടത്തുന്നത്.

പദ്ധതിക്ക് ലൈസൻസെടുക്കുന്നതുവരെ അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര അറിയിച്ചു. പദ്ധതി ഒരുമാനദണ്ഡവും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ലൈസൻസെടുക്കാതെ ഏഴുവർഷത്തോളമായി പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ ഒരുവിധ കണക്കുകളും അവതരിപ്പിക്കുന്നില്ല. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ല. പഞ്ചായത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിക്ക് ലൈസൻസെടുക്കാൻ ഒട്ടേറെത്തവണ കത്ത് കൊടുത്തു. ഇതൊന്നും നടപ്പാക്കാതെയാണ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാരണങ്ങളാലാണ് ലൈസൻസെടുക്കുന്നതുവരെ കുടിവെള്ള പദ്ധതി അടച്ചിടുവാൻ കഴിഞ്ഞ തിങ്കളാഴ്ചചേർന്ന ഭരണസമിതിയോഗം തീരുമാനിച്ചതെന്നും ജംഷിദ് അറിയിച്ചു.

Related Articles

Leave a Reply

Back to top button