Thiruvambady

യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; ആശുപത്രിയുടെപേരിൽ കേസ് കേസെടുത്തു

തിരുവമ്പാടി : ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ മറ്റൊരു സ്നേഹിതനോടൊപ്പം ആശുപത്രിയിലെത്തിയ അബിൻ ബിനു (27) വൈദ്യുതാഘാതമേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെപേരിൽ പോലീസ് കേസെടുത്തു. അബിന്റെ ബന്ധു അനീഷ്‌മോൻ ആന്റണി നൽകിയ പരാതിപ്രകാരമാണ് കേസെടുത്തത്. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാരുടെയും ശാസ്ത്രീയവിദഗ്ധന്മാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തിയതായും വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചതായും തിരുവമ്പാടി എസ്.ഐ. വി.കെ. റസാഖ് പറഞ്ഞു. തുടരന്വേഷണം നടത്തിയ ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കാൻ കഴിയൂ.

തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേൽ ബിനു-രാജി ദമ്പതിമാരുടെ മകനായ അബിൻ ബിനു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി കരിങ്കുറ്റിയിലെ സെയ്ന്റ് ജോസഫ്സ് ആശുപത്രി കാന്റീനിനു സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അബിന്റെ പിതാവ് ബിനു താമരശ്ശേരി ഡി. വൈ.എസ്.പി.ക്കും പരാതി നൽകിയിട്ടുണ്ട്. വൈദ്യുതാഘാതമേറ്റ മകന് വിദഗ്ധചികിത്സ ലഭ്യമാക്കാനോ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.

കാന്റീൻ പരിസരത്ത് അലക്ഷ്യമായിട്ടിരുന്ന വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രക്ഷപ്പെടുത്തുന്നതിനിടെ കൂടെയുണ്ടായിരുന്ന സ്നേഹിതനും ഷോക്കേറ്റിരുന്നു. വിശദീകരണംതേടി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും പി.ആർ.ഒ. സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോട്ടയത്ത് ബാർ ജീവനക്കാരനായ അബിൻ ബിനു പാവപ്പെട്ട കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു. രണ്ട് സഹോദരിമാരാണുള്ളത്.

Related Articles

Leave a Reply

Back to top button