കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി
തോട്ടുമുക്കം: മലയാളിയുടെ ദേശീയോത്സവമായ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ വിപണി വിലയിൽ നിന്ന് കുറച്ച് നൽകി ജനങ്ങൾക്ക് ആശ്വാസം നൽകുക, പ്രദേശത്തെ ജനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലദ്യമാക്കുക തുടങ്ങിയ
ലക്ഷ്യങ്ങളോടെ കുടുംബശ്രീ ഓണം വിപണനമേളക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. തോട്ടുമുക്കം പള്ളിത്താഴെ ആരംഭിച്ച ഓണം വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. ആദ്യ വില്പന ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിഷ ചേലപ്പുറത്ത് ഏറ്റുവാങ്ങി.
സി ഡി എസ് ചെയർപേഴ്സൺ ഷീന സുധീർ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി ഷംലൂലത്ത്, അൽഫോൺസ ബിജു, സിജി ബൈജു, സന്തോഷ് സെബാസ്റ്റ്യൻ, പഞ്ചായത്ത് അസി. സെക്രട്ടറി അബ്ദുൽ ഗഫൂർ, കെ.പി ശ്രീകല, ആൻസി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളുടെ പഴം, പച്ചക്കറി, മസാലപ്പൊടികൾ, അച്ചാറുകൾ, മറ്റു ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഓണം വിപണിയിൽ ലഭ്യമാണ്. നാടൻ ഉല്പന്നങ്ങൾക്ക് പുറമെ പിടിക്കോഴി, കപ്പ ബിരിയാണി തുടങ്ങിയവും വിൽപ്പനക്കുണ്ട്.