Kodanchery

ഇ എസ് എ വിഷയത്തിൽ കോടഞ്ചേരി സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി പൊതുയോഗം നടത്തി

കോടഞ്ചേരി: ഇ.എസ്.എ പ്രശ്നത്തിൽ യുഡിഎഫും ചില കർഷക സംഘടനകളും ചേർന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നതായി സിപിഐ (എം) ലോക്കൽ കമ്മിറ്റി പറഞ്ഞു. കോൺഗ്രസ് കേന്ദ്രസർക്കാർ അധികാരത്തിലിരുന്നപ്പോൾ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷിന്റെ കാലത്ത് പശ്ചിമഘട്ട മേഖലയ്ക്ക് പുറത്ത് ബഫർ സോൺ എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നതാണെന്നും ഈ സമയത്താണ് മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കമ്മീഷനായി നിയമിക്കപ്പെട്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്, എം.എൽ.എമാരുടെ പരിസ്ഥിതി കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന വി.ഡി. സതീശനും ടിഎൻ പ്രതാപനും ബഫർ സോൺ 13 കിലോമീറ്ററായി നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ 123 വില്ലേജുകളും 9993 ചതുരശ്ര കിലോമീറ്റർ പ്രദേശവും ബഫർ സോണായി പ്രഖ്യാപിച്ചതും കേന്ദ്രസർക്കാർ 2014-ൽ അംഗീകരിച്ചതുമാണെന്നും യോഗം വിശദീകരിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സംരക്ഷിത വന പ്രദേശത്തും വന്യജീവി കേന്ദ്രത്തിനും പുറത്ത് ഒരു സെന്റ് ഭൂമി പോലും ഉൾപ്പെടുത്തില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും 2018-ൽ 123 വില്ലേജുകളിൽ നിന്ന് 92 ആയി കുറച്ചതായും, 9993 ചതുരശ്ര കിലോമീറ്റർ പ്രദേശം 8711 ചതുരശ്ര കിലോമീറ്ററായി കേന്ദ്രസർക്കാരിന് സമർപ്പിച്ചതായും നേതാക്കൾ പറഞ്ഞു. 2022-ൽ കൂടുതൽ പരിശോധനയ്ക്ക് വേണ്ടി 2024 മാർച്ചിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായും, ഫെബ്രുവരി മാസത്തിൽ വിവിധ പഞ്ചായത്ത് സഭകളിൽ നടക്കുന്ന പരിശോധന പൂർത്തിയായിട്ടുണ്ടെന്നും സിപിഐ (എം) നേതാക്കൾ വ്യക്തമാക്കി. 2024 ജൂലൈയിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട വിജ്ഞാപനത്തിൽ സെപ്റ്റംബർ 28വരെ സമർപ്പിക്കാം എന്ന് അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ സെപ്റ്റംബർ 28ന് മുമ്പ് ഇ എസ് എ മാപ്പ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.

യുഡിഎഫും ചില കർഷക സംഘടനകളും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇത്തരം പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും സിപിഐ (എം) ആരോപിച്ചു. കേന്ദ്രസർക്കാർ നിലപാട് കേരള സർക്കാരിന്റെ നിലപാടിന് വിരുദ്ധമാണെങ്കിൽ പ്രക്ഷോഭത്തിന് സിപിഐ (എം) തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു. യോഗം ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ, ഏരിയ കമ്മിറ്റി അംഗം ഷിജി ആന്റണി, സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, ലോക്കൽ സെക്രട്ടറി കെ.എം. ജോസഫ്, ഷാജി കൂരോട്ട്പാറ എന്നിവരും പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button