താമരശ്ശേരി രൂപതയുടെ വൈദികനും ബൈബിൾ പണ്ഡിതനുമായ ഫാ. ജോസഫ് കാപ്പിൽ നിര്യാതനായി

താമരശ്ശേരി: വിശുദ്ധനാട് തീർത്ഥാടനങ്ങൾ നിരന്തരം സംഘടിപ്പിച്ചിരുന്ന താമരശ്ശേരി രൂപതാ വൈദികനും ബൈബിൾ പണ്ഡിതനുമായ ഫാ. ജോസഫ് കാപ്പിൽ (80) നിര്യാതനായി. ഈരുട്, വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 1944 ജൂലൈ 6-ന് തൊടുപുഴക്കടുത്ത നെടിയശാലയിൽ ജനിച്ച കാപ്പിലച്ചൻ, 1970-ൽ പോൾ ആറാമൻ മാർപാപ്പായിൽ നിന്ന് റോമിൽ വൈദികപട്ടം സ്വീകരിച്ചു. തിയോളജിയിലും ലിറ്റർജിയിലും ലൈസൻഷിയേറ്റ് നേടിയ അച്ചൻ, ജറുസലേമിൽ ബൈബിൾ ഡിപ്ലോമയും പൂർത്തിയാക്കി. 1971-ൽ മാനന്തവാടി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹം, താമരശ്ശേരി രൂപതയിലും, തലശ്ശേരി രൂപതയിലും വിവിധ ഇടവകകളിൽ വികാരിയായും പ്രൊക്കുറേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995 മുതൽ 55 തവണ വിശുദ്ധനാട് തീർത്ഥാടനം നടത്തിയ അച്ചൻ, 2015-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലിരുന്നപ്പോൾ ചുണ്ടത്തുംപൊയിൽ, കുളത്തുവയൽ ഇടവകകളിൽ പ്രീസ്റ്റ് ഇൻ ചാർജ്ജ് ആയി സേവനം തുടരുകയായിരുന്നു. പ്രിയപ്പെട്ട ജോസഫ് കാപ്പിൽ അച്ചന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 01.30 വരെ ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 04.00 ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ വി.കുർബ്ബാനയും തുടർന്ന് ഭൗതികദേഹം സഹോദരൻ ജോസ് കാപ്പിലിന്റെ ഭവനത്തിലും പൊതുദർശനത്തിന് വെക്കും. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (30.09.2024) രാവിലെ 10.00ന് കോട്ടോപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സെമിത്തേരിയിൽ നടത്തും