കാട്ടാന ആക്രമണത്തിൽ കൃഷിനാശം: അടിയന്തിര നടപടി ആവശ്യപ്പെട്ട് കർഷക സംഘം

തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ട്. കൊല്ലം പറമ്പിലെ ഷാജിയുടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി വിളകൾ നശിപ്പിച്ചുവെന്നാണ് ലഭ്യമായ വിവരം.
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് നാട്ടുകാർക്ക് ഭീതിയുണ്ടാക്കി. റബർ ടാപ്പിങ്ങ് ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും കർഷകർ വലിയ ദുരിതമനുഭവിക്കുകയും ചെയ്യുന്നുണ്ട്.
ഈ മേഖലയിൽ കാട്ടാന ആക്രമണം ആദ്യമായാണ് ഉണ്ടാകുന്നത്.
സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയോട് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കർഷക സംഘം ഏരിയാ കമ്മിറ്റി വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും കർഷകർ ആവശ്യപെട്ടു.
കാട്ടാന ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം,സോളാർ വേലിയും ജൈവവേലിയും എത്രയും പെട്ടന്ന് സ്ഥാപിക്കണം എന്നിങ്ങനെയാണ് കർഷകരുടെ ആവശ്യം.
കർഷക കോൺഗ്രസ് നേതാക്കളായ ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട്മല, ഷിജു ചെമ്പനാനി എന്നിവർ അടക്കമുള്ളവർ പ്രദേശം സന്ദർശിച്ച് കർഷകരുടെ പ്രശ്നം നേരിൽ കണ്ട് സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.