Kodanchery

മുനമ്പം ജനതയ്ക്ക് പിന്തുണയുമായി ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും

കോടഞ്ചേരി: വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട്, കത്തോലിക്ക കോൺഗ്രസ്സ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക, രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യ ദിനാചരണം നടത്തിയത്.

കോടഞ്ചേരി അങ്ങാടിയിൽ വച്ച് കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് ജസ്റ്റിൻ തറപ്പേൽ സ്വാഗതവും ബിബിൻ കുന്നത്ത് നന്ദിയും പറഞ്ഞു.

റാലിക്ക് ഫൊറോന അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിജോ മേലാട്ട്, ഫാ. സന്തോഷ് ചുവപ്പുങ്കൽ, ജോജോ പള്ളിക്കാമടത്തിൽ, ഷിജി അവനൂർ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജോസഫ് നടുവിലെടുത്ത്, ജോസ് മലേകുന്നേൽ എന്നിവരും നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button