വയനാട്ടിലെ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്: കോടഞ്ചേരിയിൽ ആയിരങ്ങൾക്ക് വാക്ക് കൊടുത്ത് പ്രിയങ്ക
കോടഞ്ചേരി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് പ്രിയങ്ക ഗാന്ധിയുടെ വാക്ക്. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി, മണ്ഡലത്തിലെ കാർഷിക മേഖലയിലെ വിലതകർച്ച, കൃഷിനാശം, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ടൂറിസം മേഖലയുടെ വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റത്തിന് അനുകൂലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും വാഗ്ദാനം ചെയ്തു.
പ്രകൃതിരമണീയമായ തുഷാരഗിരി, പതങ്കയം, അരിപ്പാറ, തേവർമല എന്നീ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം നടത്തി വയനാടിന്റെ ടൂറിസം മേഖല വികസിപ്പിക്കാൻ ശ്രമിക്കുമെന്നും അവരോടൊപ്പം നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി. ഇതോടൊപ്പം, വയനാട് ജനതയുടെ താത്കാലിക ആവശ്യമായ മെഡിക്കൽ കോളേജ്, ചുരം ബൈപ്പാസ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു.
യോഗത്തിൽ ജ്യോതി രാധിക വിജയകുമാർ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കെ.എം പൗലോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.