തുഷാരഗിരി ടൂറിസം വികസന സമിതി ആരംഭിച്ചു: വ്ളോഗർമാരുടെ സംഗമത്തോടെ വിനോദ സഞ്ചാര പ്രചാരണത്തിന് തുടക്കം
കോടഞ്ചേരി: തുഷാരഗിരിയുടെ വിനോദ സഞ്ചാര പെരുമയുയർത്തുന്നതിന് വ്ളോഗർമാരുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസം വികസന സമിതി പ്രവർത്തനമാരംഭിച്ചു. വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30-ഓളം ഇൻഫ്ലുവൻസേഴ്സ് തുഷാരഗിരിയിൽ ഒത്തുകൂടി.
കോടഞ്ചേരി പഞ്ചായത്തിന്റെ സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി സ്ഥാപിതമായ ടൂറിസം സമിതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഉദ്ഘാടനത്തിനു ശേഷം വ്ളോഗർമാർ തുഷാരഗിരി മൂന്നാം വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിംഗ് നടത്തി. ഡിസംബർ 1 മുതൽ പൊതുജനങ്ങൾക്ക് പ്രത്യേക പാസ് മുഖേന ഈ മേഖലയിൽ പ്രവേശനം അനുവദിക്കും.
ചടങ്ങിൽ വാർഡ് മെമ്പർ സിസിലി ജേക്കബ് കൊട്ടപ്പുള്ളി അധ്യക്ഷയായപ്പോൾ, പ്രമുഖ വ്ളോഗർ റിൻസി ജോൺസൻ (റിൻസിസ് കിച്ചൻ) സ്വാഗതം പറഞ്ഞു. ഡ്രീം കേരള മീറ്റപ്പ് സ്ഥാപകൻ ജോൺസൺ കുന്നത്ത്, ഡി.റ്റി.പി.സി മാനേജർ ഷെല്ലി കുന്നേൽ, ഫോറസ്റ്റ് ഓഫീസർ പി. വിജയൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
തുഷാരഗിരിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഹണി റോക്ക് റിസോർട്ടിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു