Kozhikode

4 ദിവസത്തിനിടെ 3 മരണം; മെഡി.കോളജിനെതിരെ പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട് ∙ കോവിഡ് ബ്ലോക്കാക്കി മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മാതൃ– ശിശു കേന്ദ്രത്തിലുമായി 4 ദിവസത്തിനിടെ മറ്റു രോഗങ്ങളുമായെത്തിയ 3 രോഗികൾ മരിച്ചതിൽ ബന്ധുക്കൾ പരാതി നൽകി. മാതൃ –ശിശു കേന്ദ്രത്തിൽ പ്രസവം നടന്ന് 2 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത് ഡോക്ടർമാരുടെ അശ്രദ്ധകൊണ്ടാണെന്ന് കാണിച്ച് പേരാമ്പ്ര മുയിപ്പോത്ത് വായാട്ട് രഞ്ജിത്തും ഭാര്യ മേഘയും മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. അവസാന പരിശോധനയിലും സ്കാനിങ്ങിലും അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ആണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി രഞ്ജിത്ത്‌ പറയുന്നു.

കഴിഞ്ഞ 22നു പനി ബാധിച്ച് മെഡിക്കൽ കോളജിൽ എത്തിയ പെരുവയൽ പഞ്ചായത്തിലെ കായലം കണ്ണഞ്ചോത്ത് മീത്തൽ സുനിൽകുമാർ (35) ഐസലേഷൻ വാർഡിൽ മരിച്ചത് 3 ദിവസം മറച്ചു വച്ചെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒളവണ്ണ സ്വദേശി മഹേഷിന്റെ മരണത്തിൽ ബന്ധുക്കൾ ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗിയെ

ഐസലേഷൻ വാർഡിലേക്ക് മാറ്റിയതും കഴിച്ചു കൊണ്ടിരിക്കുന്ന ജീവൻ രക്ഷാ മരുന്നോ പനിക്കുള്ള മരുന്നോ നൽകാതെ സ്രവ പരിശോധന ഫലത്തിനായി ഒരു ദിവസം മുഴുവൻ കാത്തിരുന്നതുമാണ് മഹേഷിന്റെ(43)മരണത്തിനു കാരണമെന്നാണ് പരാതി.

അതേ സമയം മെഡിക്കൽ കോളജിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മറ്റു പല രോഗങ്ങളെ തുടർന്നുള്ള സ്വാഭാവിക മരണമാണ് ഉണ്ടായതെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രമേഹം, ഗുരുതരമായ ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സ തേടുന്ന മഹേഷ് കുമാറിന് മതിയായ ചികിത്സയും മരുന്നും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി.സജിത്ത് കുമാർ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായവും ഏർപ്പെടുത്തിയിരുന്നു. കോവിഡ് കാലമായതിനാൽ ന്യൂമോണിയയുമായി വരുന്ന രോഗികളെ ഐസലേറ്റ് ചെയ്യണമെന്നും കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കണമെന്നുമാണ് മാർഗരേഖ.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/05/01/kozhikode-patient-dead-case.html

Related Articles

Leave a Reply

Back to top button