കാരശ്ശേരിയിൽ ഗ്രാമസഭകൾക്ക് തുടക്കമായി
കാരശ്ശേരി : 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വാർഡുതല ഗ്രാമസഭകൾക്ക് തുടക്കമായി. കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി, വനിതാവികസനം, പട്ടികജാതി വികസനം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, കുടിവെള്ളവും ശുചിത്വവും, പൊതുഭരണവും ധനകാര്യവും തുടങ്ങിയ മേഖലകളിൽ അടുത്ത സാമ്പത്തികവർഷം നടപ്പാക്കേണ്ട പദ്ധതികളുടെ കരടുനിർദേശങ്ങൾ വാർഡ് ഗ്രാമസഭകൾ ചർച്ചചെയ്യും. പതിമ്മൂന്നാംതീയതി വാർഡ് ഗ്രാമസഭകൾ അവസാനിക്കും.
തുടർന്ന്, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ, ഊരുകൂട്ടം, കർഷകസഭ, സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രാമസഭ തുടങ്ങിയവയ്ക്കുശേഷം വികസന സെമിനാറോടെയാണ് വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുക. ആനയാംകുന്ന് വെസ്റ്റ് വാർഡിൽ ചേർന്ന ഗ്രാമസഭയിൽ വാർഡുമെമ്പർ കെ. കൃഷ്ണദാസ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനംചെയ്തു. വാർഡ് ആസൂത്രണസമിതിയംഗങ്ങളായ പി.കെ. ഷംസുദ്ദീൻ, കെ.പി. ചെറിയനാഗൻ, റോജ ദേവരാജൻ, ദേവി മാന്ത്ര, എം.പി. ഷഹർബൻ, രവി ഉദയമംഗലത്ത്, കെ.പി. വിധു എന്നിവർ സംസാരിച്ചു.