കൂരോട്ടുപാറയിൽ അജ്ഞാത ജീവി വീണ്ടും; നായയെ ആക്രമിച്ചു

കോടഞ്ചേരി : കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വളർത്തു നായയെ അജ്ഞാതജീവി ആക്രമിച്ചു. കഴിഞ്ഞയാഴ്ച കലേഷിന്റെ മറ്റൊരു നായയെ അജ്ഞാതജീവി പിടിച്ചു കൊണ്ടു പോയിരുന്നു. 19ന് രാത്രി 10 ന് വളർത്തു നായയുടെ കരച്ചിൽ കേട്ട് വീടിന് പുറത്ത് ഇറങ്ങി നോക്കിയപ്പോൾ കഴുത്തിന് കടിയേറ്റ് പിടയുന്ന നായയെയാണ് കലേഷ് കണ്ടത്.വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് എടത്തറ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.വിജയന്റെ നേതൃത്വത്തിൽ ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലേഷിന്റെ ഉപജീവന മാർഗം ആടുകളും പോത്തും ആണ്. ഇവയെ എങ്ങനെ സംരക്ഷിക്കുമെന്ന് അറിയാതെ ഭീതിയിലാണ് കലേഷും കുടുംബവും.വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് അജ്ഞാത ജീവി ആക്രമണം . അജ്ഞാത ജീവിയെ പിടികൂടുന്നതിന് വനം വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വനംവകുപ്പിന് നിസ്സംഗതയെന്ന് യുഡിഎഫ്
കോടഞ്ചേരി∙ വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ വനം വകുപ്പ് നിസ്സംഗത പാലിച്ച് മലയോര ജനതയെ വെല്ലുവിളിക്കുന്ന നടപടിയിൽ പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. മന്ത്രി രാജി വയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ ആധ്യക്ഷ്യം വഹിച്ചു. യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ട്രഷറർ അബൂബക്കർ മൗലവി, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.