ജലജീവൻ: കരാർ കമ്പനികൾ സമരത്തിൽ; ഗ്രാമീണ റോഡ് അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ

തിരുവമ്പാടി: ജലജീവൻ പദ്ധതിയുടെ കരാർ എടുത്ത കമ്പനികൾ സമരം ആരംഭിച്ചതോടെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ. പദ്ധതിയിൽ പൈപ്പ് ഇടാൻ വെട്ടിപ്പൊളിച്ച റോഡുകളിൽ ജനത്തിന്റെ ദുരിതയാത്ര തുടരുന്നു. ഇതുവരെയും ചെയ്ത പ്രവൃത്തിയുടെ കരാർ തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനാലാണ് ഫെബ്രുവരി 1ന് കരാറുകാർ സമരം ആരംഭിച്ചത്. കുടിശിക ലഭിച്ചാൽ മാത്രമേ തുടർ പ്രവൃത്തി ചെയ്യൂ എന്നാണു കരാറുകാരുടെ നിലപാട്. ഇതോടെ മലയോര പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങൾ ജല അതോറിറ്റി ഓഫിസിനു മുൻപിൽ സമരം നടത്തി.
തിരുവമ്പാടി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളെല്ലാം സമരം നടത്തി. ചെയ്ത പ്രവൃത്തിയുടെ ബിൽ തുക സീനിയോറിറ്റി അടിസ്ഥാനത്തിൽ പോലും നൽകുന്നില്ലെന്നാണു കരാറുകാരുടെ പരാതി. സംസ്ഥാനത്ത് മൊത്തം 4,000 കരാറുകാരുടെ 18 മാസത്തെ ബില്ലുകളാണു കുടിശിക. തിരുവമ്പാടി പഞ്ചായത്തിൽ 25 ഗ്രാമീണ റോഡുകളാണ് ജല ജീവൻ പദ്ധതിക്കു വേണ്ടി പൊളിച്ചത്. എംഎൽഎ, ജല അതോറിറ്റി അധികൃതർ എന്നിവർ നടപടി എടുക്കാത്തതിനാലാണു സമരം ചെയ്യേണ്ടി വന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പറഞ്ഞു. ജല ജീവൻ പദ്ധതിയിൽ ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പഞ്ചായത്തിലെ 3,4,5,6 വാർഡുകളിൽ ബൂസ്റ്റർ സ്റ്റേഷൻ നിർമിക്കുമെന്നു പറഞ്ഞെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.