കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രാത്രി 12. 30ന് അസ്വാഭാവികമായി ടാങ്കർ ലോറി ചിപ്പിത്തോടു തുഷാരഗിരി റൂട്ടിൽ കൂടി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഈ വാഹനം തടഞ്ഞുവെച്ചു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും സഹായികളയാ രണ്ടു പേരെയും കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ പ്രദീപ് കെ. ഓ, എ എസ് ഐ ശ്യാംകുമാർ, സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻ ജോസ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ടീമിന് കൈമാറി.
ഭാരതീയ നിയമ സംഹിത 279, 3(5BNS), 120(E), എന്നീ വകുപ്പുകൾ പ്രകാരം പോലീസ് സ്റ്റേഷനിലും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം KPR 219 S, 219U, 219N വകുപ്പുകൾ പ്രകാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത് കെ യുടെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ശാലുപ്രസാദ് കേസെടുത്തു. പ്രതികൾക്ക് 50,000 രൂപ വരെ പിഴയും ഒരു വർഷം വരെ തടവും വാഹനം സബ് ജുഡീഷണൽ മജിസ്ട്രേറ്റിന് പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുവാൻ ഉള്ള നടപടികളും സ്വീകരിച്ചു. വാഹനം ഓടിച്ചിരുന്ന അബ്ദുൽ നജീബ്, പ്രവീൺ നായർ , മുഹമ്മദ് ജാസിഫ് വയസ്സ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.കുറച്ചുകാലങ്ങളായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് നിത്യസംഭവം ആയതിനെ തുടർന്ന് പ്രദേശവാസികൾ ജാഗ്രതയിൽ ആയിരുന്നു. നിയമലംഘകാരെ കണ്ടെത്തുന്നതിന് പ്രദേശവാസികൾ ആയ സന്തോഷ് ഇല്ലിക്കൽ, സുരേഷ് പട്ടരാട്, ബിജോയ് ചിപ്പിലിതോട്, ജോബിഷ് അഞ്ചുതെങ്ങിൽ, ജിന്റോ ചക്കാല, ജിബിൻ കുടകല്ലിൽ, സജീവ് ഇല്ലിക്കൽ, കൃഷ്ണൻകുട്ടി, നിജിൻ, ജോജോ എന്നിവർ നേതൃത്വം നൽകി.







