Karassery

പച്ചവിരിച്ച് പിന്നിട്ടത് ഒരു ദശാബ്ദം

കാരശ്ശേരി : കഴിഞ്ഞ 10 വർഷമായി പരിസ്ഥിതിദിന തലേന്ന് അബ്ദുറഹ്‌മാന്റെ വീട്ടിൽ സസ്യപ്രദർശനവും തൈവിതരണവും കൃഷി പഠനക്ലാസും വലിയ ആഘോഷമായിത്തന്നെയാണ് നടന്നുവരുന്നത്.ഇത്തവണയും പതിവു മുടങ്ങിയില്ല. സ്കൂളുകൾക്കും പള്ളികൾക്കും ഗ്രന്ഥാലയങ്ങൾക്കും പരിസ്ഥിതിക്ലബ്ബുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും ഒക്കെയായി വിവിധതരത്തിലുള്ള വൃക്ഷത്തൈകൾ സൗജന്യമായി വിതരണംചെയ്തു.

കൊണ്ടുപോകുന്ന തൈകളൊക്കെയും ശരിയായി പരിപാലിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുകയെന്ന ഒറ്റവ്യവസ്ഥയിലാണ് വിതരണം.ഇതിന്റെ തുടരന്വേഷണത്തിനായി എല്ലാവരോടും പേരും ഫോൺനമ്പറും വാങ്ങിയാണ് മടക്കിയയക്കുന്നത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടുമുറ്റം മലപ്പുറം, കോഴിക്കോട്, ജില്ലകളുടെ വിവിധഭാഗങ്ങളിൽനിന്നെത്തിയ വൃക്ഷപ്രേമികളുടെ സംഗമമായിമാറി.

എംവിആർ കാൻസർ സെന്ററിലെ ഡോ. നാരായണൻകുട്ടിവാരിയർ പരിപാടി ഉദ്ഘാടനംചെയ്തു.മാവുകൃഷിയിൽ വിദഗ്ധനായ എം.എസ്. കോട്ടയിൽ കൃഷിയെക്കുറിച്ചുള്ള ക്ലാസെടുത്തു. ബഡ്ഡിങ് കൃഷിരീതിയെക്കുറിച്ച് അബ്ദുറഹിമാനും ക്ലാസെടുത്തു. കറുത്തപറമ്പിലെ അബ്ദുറഹ്‌മാന്റെ വീട്ടുമുറ്റത്തും പറമ്പിലും 120-ഓളം ഇനം മാവുണ്ട്. ഒരു മാവിൽത്തന്നെ 80 ഇനം മാവ്‌ ബഡ് ചെയ്ത് പിടിപ്പിച്ചിട്ടുള്ള ആതിശയക്കാഴ്ചയും ഇവിടെയുണ്ട്. മറ്റ്‌ വിവിധതരത്തിലുള്ള ഫലവൃക്ഷങ്ങളും ചെടികളും പൊയിലിലെ ഹരിതാഭമായ കാഴ്ചയാണ്.

Related Articles

Leave a Reply

Back to top button