Mukkam

ഖത്തര്‍ ഹയ കാര്‍ഡ് കിട്ടി; സ്വപ്‌നം പൂവണിയുന്നു. ലോകകപ്പ് കാണാന്‍ ആസിം ഖത്തറിലേക്ക്

മുക്കം : ജന്‍മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. ഖത്തറില്‍ പോയി ലോകകപ്പ് കാണണമെന്ന തന്റെ വലിയ സ്വപ്നം യാഥാര്‍ഥ്യമാവുമെന്ന് സ്വപ്നത്തില്‍ പോലും ആസിം കരുതിക്കാണില്ല. ആസിമിന്റെ ആ വലിയ സ്വപ്നം പൂവണിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകകപ്പ് കാണാനുള്ള ഖത്തര്‍ ഹയ കാര്‍ഡും വിമാന ടിക്കറ്റും കൈപറ്റിയ സന്തോഷത്തിലാണ് കോഴിക്കോടിന്റെ സ്വന്തം ആസിം വെളിമണ്ണ. ഉദ്ഘാടന മത്സരം കാണാനുള്ള സൗഭാഗ്യവും ആസിമിനെ തേടിയെത്തുമ്പോള്‍ സന്തോഷത്തിന് ഇരട്ടി മധുരം. നവംബര്‍ 21 ന് ആരംഭിക്കുന്ന ലോകകപ്പ് കാണാന്‍ 19 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആസിം പുറപ്പെടും.
2022ലെ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നടന്ന ജനറേഷന്‍ അമേസിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാന്‍ 2018 ല്‍ കൊടിയത്തൂരില്‍ എത്തിയതായിരുന്നു ആസിം. ‘ലോകകപ്പ് ഫുട്ബാള്‍ കാണണം.. സ്വപ്നവുമായി ആസിം’ എന്ന തലക്കെട്ടോടെ ആസിമിന്റെ സ്വപ്നം വാര്‍ത്തയാക്കി പുറംലോകത്തെത്തിച്ചത് ജി.ആര്‍ മീഡിയ എഡിറ്റര്‍ സാലിം ജീറോഡായിരുന്നു. വാര്‍ത്ത് ശ്രദ്ധയില്‍പെട്ട പ്രമുഖ വ്യവസായിയും ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയുമായ കണ്ണൂര്‍ സ്വദേശി വി. മുഹമ്മദ് മുഖ്താര്‍ ആണ് ആസിമിനും പിതാവിനും ഖത്തറില്‍ പോയി ലോകകപ്പ് കാണാനുമുള്ള സഹായം വാഗ്ദാനം നല്‍കിയത്.
ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന്റെ സേവന വിഭാഗമായ ഇഹ്സാന്റെ മെഡിക്കല്‍ ക്യാമ്പ് വേദിയില്‍ വെച്ചായിരുന്നു ആസിമിന്റെ ആഗ്രഹം പൂവണിഞ്ഞത്.
ഈ സ്വപ്നത്തിനൊപ്പം 5 വര്‍ഷമായി ഉള്ളില്‍ കൊണ്ടു നടക്കുന്ന എം.എ യൂസുഫലിയെ നേരിട്ട് കാണുക എന്ന ആഗ്രഹം കൂടെ സഫലമാകുമെന്ന പ്രതീക്ഷയിലാണ് ആസിം.
മുഹമ്മദ് ശഹീദിന്റെയും ജംഷീനയുടെയും ഏഴ് മക്കളില്‍ മൂത്ത മകനാണ് ആസിം വെളിമണ്ണ. താന്‍ പഠിക്കുന്ന വെളിമണ്ണ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തുന്നതിന് വേണ്ടി സമരം നയിച്ചതിലൂടെയാണ് ജനശ്രദ്ധ നേടിയത്. ഈ വര്‍ഷം പെരിയാറിലെ ഏറ്റവും വീതിയേറിയ ഭാഗം നീന്തിക്കയറി ഇന്ത്യന്‍, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും, വേള്‍ഡ് റെക്കോര്‍ഡ് യൂണിയനിലും സ്ഥാനം പിടിച്ചു.
യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡും മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള ഇന്‍സ്പെയറിംഗ് ഇന്ത്യ അവാര്‍ഡും കരസ്ഥമാക്കിയ ആസിം സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്.
കൂടാതെ 2017ല്‍ കേരള സര്‍ക്കാരിന്റെ ഉജ്വലവാലി പുരസ്‌കാരം തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍ ആസിം കരസ്ഥമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഖുര്‍ഹാന്‍ മുഴുവന്‍ മനഃപാഠമാക്കി ഈ കൊച്ചു പ്രതിഭ.  ‘ദൈവത്തിന് സ്തുതി. ലോകകപ്പ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച വി മുഹമ്മദ് മുഖ്താര്‍, ഇഹ്സാന്‍ ചെയര്‍മാന്‍ പി.കെ അബ്ദുര്‍റസാഖ്, റിപ്പോര്‍ട്ടര്‍ സാലിം ജീറോഡ്, സാദിഖ് സി.പി തുടങ്ങി കൂടെ നിന്ന പ്രിയപ്പെട്ടവരോടെല്ലാം നന്ദി അറിയിക്കുന്നതായി’ ആസിം പറഞ്ഞു.

Related Articles

Leave a Reply

Back to top button