Kodiyathur

വിഷുവിന് വിഷരഹിത പച്ചക്കറി ഒരുക്കാൻ കൊടിയത്തൂർ ബാങ്ക്

കൊടിയത്തൂർ : വിഷു വിഷരഹിത പച്ചക്കറിയുടേതാക്കാൻ കൊടിയത്തൂർ സഹകരണബാങ്ക് പച്ചക്കറിക്കൃഷി തുടങ്ങി. വിഷുവിന് നാട്ടുകാരെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷംകലർന്ന പച്ചക്കറിയിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. പത്തേക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.

പഞ്ചായത്തിലെ വിവിധ കാർഷിക ക്ലബ്ബുകൾ, സ്വാശ്രയസംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, രാഷ്ട്രീയ – യുവജന സംഘടനകൾ എന്നീ കൂട്ടായ്മകൾ പ്രയോജനപ്പെടുത്തിയാണ്‌ ബാങ്ക് ലക്ഷ്യംനേടാനൊരുങ്ങുന്നത്. ഇവർക്കാവശ്യമായ വിത്ത്, തൈകൾ, വളം എന്നിവ ബാങ്ക് സൗജന്യമായി നൽകുന്നുണ്ട്. മികച്ച വിളവുണ്ടാക്കുന്ന കാർഷിക ഗ്രൂപ്പിന് സമ്മാനങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷുവിനുമുമ്പ് വിളവെടുക്കുന്ന പച്ചക്കറികൾ ബാങ്ക് നേരിട്ട് സംഭരിച്ച് വിപണിയൊരുക്കും. ചെറുവാടി താഴത്തുംമുറി പാടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി തൈകൾനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ്‌ വി. വസീഫ് അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ്‌ സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർമാരായ എ.സി. നിസാർ ബാബു, മമ്മദ് കുട്ടി കുറുവാടങ്ങൽ, ഷാജു പ്ലാത്തോട്ടത്തിൽ, എ.പി. ഷൈജു, എം.കെ. ഉണ്ണിക്കോയ, നൂർജഹാൻ ഉച്ചക്കാവിൽ, അൽഫോൻസ ബിജു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, കൃഷി ഓഫീസർ കെ.ടി. ഫെബിത, ബച്ചു ചെറുവാടി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button