വിദേശ കയാക്കർമാർ എത്തിത്തുടങ്ങി; മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി പരിശീലനം ആരംഭിച്ചു

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ 12-ാം എഡിഷന് മുന്നോടിയായി ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും പരിശീലന ക്യാമ്പുകൾ ആരംഭിച്ചു. മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന വിദേശ കയാക്കർമാരിൽ ആദ്യ സംഘാംഗമായി ഇറ്റലിയിലെ ക്യാവരി സ്വദേശി ജിയോവാനി ജോർജി ഇന്ന് കോടഞ്ചേരിയിലെത്തി ഇരുവഞ്ഞിപ്പുഴയിൽ പരിശീലനം തുടങ്ങി.
തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ, നിസ്തൂൽ ജോസ് എന്നിവർ ചേർന്ന് ജിയോവാനിയെ സ്വീകരിച്ചു.
സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന 42-കാരനായ ജിയോവാനി, ഫ്രാൻസിലെയും ഇറ്റലിയിലെയും നിരവധി നദികളിൽ കയാക്കിംഗ് നടത്തിയിട്ടുള്ളയാളാണ്. ഇന്ത്യയിൽ ഋഷികേശിലെ ഗംഗ, അളകനന്ദ, കാളി നദി എന്നിവിടങ്ങളിലും വൈറ്റ് വാട്ടർ കയാക്കിംഗിൽ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്ന ജിയോവാനി, വടക്കേ ഇന്ത്യൻ നദികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ പുഴകളിലെ വെള്ളത്തിന്റെ തണുപ്പ് കുറവായതിനാൽ ദീർഘസമയം കയാക്കിംഗ് നടത്താൻ കൂടുതൽ സൗകര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ബെംഗളൂരു സ്വദേശി ജോഗി നായക് നേതൃത്വം നൽകുന്ന നാഷണൽ ഔട്ട്ഡോർ സ്കൂളിന്റെ സംഘത്തോടൊപ്പമാണ് ജിയോവാനി നിലവിൽ പരിശീലനം നടത്തുന്നത്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ-അന്തർദേശീയ കയാക്കർമാർ കോടഞ്ചേരിയിലെത്തുമെന്നാണ് സംഘാടകർ അറിയിച്ചത്.







