Thiruvambady

കാടും മലയും കയറി കുട്ടികളുടെ പഠനം

തിരുവമ്പാടി ∙ പഞ്ചായത്തിലെ 1,2 വാർഡുകളിലെ തേൻപാറ, മേലെ മുത്തപ്പൻപുഴ, കരിമ്പ്, പൂമരത്തുംകൊല്ലി പ്രദേശങ്ങളിൽ നെറ്റ് വർക്ക് കവറേജ് ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥ. റേഞ്ച് ഉള്ള സ്ഥലം അന്വേഷിച്ച് കാടും മലയും കയറി നടന്ന് അവസാനം തേൻപാറ പുഴയുടെ സമീപമുള്ള കുന്നിൽ റേഞ്ച് കണ്ടെത്തി. ഇവിടെ ഒത്തുകൂടി പഠനം ആരംഭിച്ചപ്പോൾ മഴ വില്ലനായി എത്തി. പിന്നെ എല്ലാവരും കൂടി ഒരു ടാർപോളിൻ സംഘടിപ്പിച്ച് ഷെഡ് കെട്ടിയാണ് പഠനം. 

ഈ പ്രദേശങ്ങളിലെ കുറച്ച് കുട്ടികൾ തേൻപാറ അങ്കണവാടിയിൽ ആയിരുന്നു പഠനത്തിന് എത്തിയിരുന്നത്. എന്നാൽ ഈ പഠന കേന്ദ്രത്തിൽ എത്താൻ കിലോമീറ്ററുകൾ നടക്കണം. കാലവർഷത്തിലെ കനത്ത മഴയിൽ  കുട്ടികളെ ഇത്രയും ദൂരം തനിയെ വിടാൻ രക്ഷിതാക്കൾക്ക് ആശങ്ക യാണ്. മഴക്കാലമായതോടെ വൈദ്യുതി മുടക്കവും പ്രശ്നമാണ്.പല ക്ലാസുകളും രാത്രി ആയതിനാൽ അങ്കണവാടിയെ ആശ്രയിക്കുന്നതിനും വിഷമമുണ്ട്. സ്കൂൾ തലം മുതൽ കോളജ് ക്ലാസുകളിൽ വരെ പഠിക്കുന്ന വിദ്യാർഥികൾ ഈ പ്രദേശത്ത് ഉണ്ട്.

പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും ആർക്കെങ്കിലും രോഗം വന്നാലും  ആരെയും വിളിച്ച് അറിയിക്കാൻ പോലും  ഇവിടെ റേഞ്ച് ഇല്ല. രണ്ട് കിലോമീറ്റർ ഇറങ്ങി കളരിക്കൽ വരണം റേഞ്ച് കിട്ടണമെങ്കിൽ.  അടിയന്തരമായി ഈ പ്രദേശത്ത് ഒരു ടവർ സ്ഥാപിച്ച് നെറ്റ് വർക്ക് പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കലക്ടർക്ക് നിവേദനം നൽകി.

Related Articles

Leave a Reply

Back to top button