Thiruvambady

വാർഡ് തലത്തിൽ കോവിഡ് പ്രതിരോധ, മഴക്കാലപൂർവ്വ ശുചീകരണ പദ്ധതികളുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളായ താഴെ തിരുവമ്പാടി, അമ്പലപ്പാറ വാർഡുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ പ്രത്യേക കർമ്മപദ്ധതികൾക്ക് രൂപം നൽകി. നാല് ദിവസം നീണ്ടുനിൽക്കുന്ന കോവിഡ് ഡിഫെൻസ് വാർ പദ്ധതിയുമായാണ് രണ്ട് വാർഡുകൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

മെയ് 23 മുതൽ 26 വരെ താഴെ തിരുവമ്പാടി വാർഡിലും തുടർന്ന് അമ്പലപ്പാറ വർഡിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് തലത്തിൽ പരിപൂർണ്ണ കോവിഡ് മുക്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ കോവിഡ് പ്രതിരോധ ബോധനയാത്ര, ഗ്രഹാങ്കണ കോവിഡ് പ്രതിരോധ പ്രതിജ്ഞ, ഫോഗിങ്/ക്ലോറിനേഷൻ യജ്‌ഞം, കോവിഡ് പ്രതിരോധ മരുന്ന് വിതരണം, കോവിഡ് സമാശ്വാസ പ്രവർത്തനം, മഴക്കാലപൂർവ്വ ശുചീകരണ യജ്‌ഞം എന്നീ പദ്ധതികളാണ് ഉൾകൊള്ളിച്ചിട്ടുള്ളത്.

വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തിയിലൂടെയാണ് പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കുന്നതും എന്ന് താഴെ തിരുവമ്പാടി വാർഡ്‌ മെമ്പറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ എ അബ്‌ദുരഹിമാൻ, അമ്പലപ്പാറ വാർഡ് മെമ്പർ ഷൗക്കത്ത് അലി എന്നിവർ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

ഇന്നലെ മരക്കാട്ടുപുറം പയ്യടിമുക്കിൽ അഡ്വ.സുരേഷ് ബാബുവിന്റെ കുടുംബത്തിന് കോവിഡ്-മഴക്കാലപൂർവ്വ ശുചീകരണ നോട്ടീസ് കൈമാറി ആരംഭിച്ച പദ്ധതി ഇതിനോടകം 85 വീടുകളിൽ പൂർത്തിയായി. അണു നശീകരണ പ്രവർത്തനങ്ങൾക്ക് വൈറ്റ്ഗാർഡ് നേതൃത്വം നൽകി. വാർഡ് ആർ ആർ ടി അംഗങ്ങളായ ഫൈസൽ മാതംവീട്ടിൽ, സിയാദ് പരിയാടത്ത്, യുനുസ് കുളത്താറ്റിൽ, ഷംനാസ് ചേപ്പാലി, ജുനൈദ് ചെറുകയിൽ, അജ്മൽ കോഴിശ്ശേരി എന്നിവർ മറ്റ് പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button