Mukkam

വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ ഗംഭീര സ്വീകരണം

മുക്കം∙ ഹാരാർപ്പണങ്ങളില്ല; ഹസ്തദാനങ്ങളും. ചുരമിറങ്ങിയെത്തിയ ജാഥയെ ജില്ല ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്തു. സ്വീകരണകേന്ദ്രങ്ങളിൽ ആയിരങ്ങൾ കാത്തുനിന്നു. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. ചുരത്തിലെ റോഡ് പണിമൂലമുള്ള കുരുക്കിൽ കുടുങ്ങി നിശ്ചയിച്ചതിലും വൈകിയതാണ് വിജയരാഘവന്റെ വാഹനം അടിവാരത്തെത്തിയത്. ജാഥയിലുടനീളം വിജയരാഘവൻ പറഞ്ഞതിലേറെയും മുഖം മിനുക്കുന്ന റോഡുകളെയും പാലങ്ങളെയും കുറിച്ചു തന്നെ.

വാദ്യമേളങ്ങളുടെയും നൃത്തരൂപങ്ങളുടെയും അകടമ്പടിയോടെയായിരുന്നു അടിവാരത്തെ സ്വീകരണം. കോവിഡ് സാഹചര്യത്തിൽ മാലയും ഷോളും അണിയിക്കേണ്ടെന്നു നിർദേശമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി.കുഞ്ഞമദ്കുട്ടി, സിപിഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ്, കാരാട്ട് റസാഖ് എംഎൽഎ, എം.മെഹബൂബ്, സലിം മടവൂർ, വി.കുഞ്ഞാലി, എൻ.കെ.വത്സൻ,എം.പി.സൂര്യനാരായണൻ, സി.സത്യചന്ദ്രൻ, കെ.കുഞ്ഞമദ്, ഗിരീഷ് ജോൺ എന്നിവർ നേതൃത്വം നൽകി.

അടിവാരത്ത് കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത ശേഷം സ്വീകരണകേന്ദ്രമായ മുക്കത്തേക്ക്. മുക്കം ‌അഭിലാഷ് ജം‌ക്‌ഷനിലെ ചെങ്കൊടികളുടെ കടലിലേക്കാണ് ജാഥാ നായകനെത്തിയത്. പൂമാലകളില്ലെങ്കിലും പുഷ്പവൃഷ്ടിയോടെയായിരുന്നു സ്വീകരണം. അകമ്പടിയായി മുത്തുക്കുടകളും വാദ്യമേളങ്ങളും. സ്വീകരണ ഘോഷയാത്ര മുക്കം കെ.കെ.ഉണ്ണിക്കുട്ടി സ്മാരകത്തിനു സമീപത്തെ പൊതുസമ്മേളനവേദിയിലെത്തുമ്പോൾ മുൻമന്ത്രി കെ.പി.മോഹനൻ പ്രസംഗിക്കുകയാണ്. വേദിയിൽ ജാഥാംഗമായ സിപിഎം സംസ്ഥാന സമിതി അംഗം പി.സതീദേവി. ജില്ലയിൽ ഇന്നലെ 90 രൂപയിലെത്തിയ പെട്രോൾ വിലയിലാണ് വിജയരാഘവൻ പ്രസംഗം തുടങ്ങിയത്.

‘എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സൂര്യനമസ്കാരവും യോഗാസനവും കഴിഞ്ഞ് കൃത്യമായി പെട്രോൾ വില കൂട്ടുന്ന ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കാർ ലോണിനു പകരം പെട്രോളടിക്കാൻ ലോൺ എടുക്കേണ്ട അവസ്ഥയാണ്. കർഷകരെ മണ്ണിൽ നിന്നിറക്കി തെരുവിലേക്ക് എറിയുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. ഇതിനെതിരെ നിലകൊള്ളുന്ന ഏക ഭരണകൂടം കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയും കേരളത്തിലാണ്. കേരളത്തിൽ വികസന വിപ്ലവമാണ് നടക്കുന്നത്. റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളുമെല്ലാം രാജ്യാന്തര നിലവാരത്തിലായി.

ഭൂമിയുടെ അടിയിലൂടെ പ്രകൃതിവാതക പൈപ്പ് ലൈൻ പോകുന്നതിനെതിരെ സമരം നടന്ന നാടാണ് മുക്കം. എന്നാൽ ജനങ്ങൾക്കു വേണ്ടി അതു നടപ്പാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.’’ഒരു കൈ ബിജെപിയുടെ തോളിലും ഒരു കൈ വെൽഫെയർ പാർട്ടിയുടെ തോളിലുമിട്ടു വരുന്ന രമേശ് ചെന്നിത്തലയെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം തള്ളിയതാണ്. ജാഥയ്ക്കിടയിൽ ആളെകൂട്ടാനാണ് പുതിയ ശ്രമം. എൻസിപിയെ പിടിക്കാൻ നോക്കി. വന്നത് ഒരു കാപ്പനാണ്. സിനിമാ താരങ്ങളെ കൂടെക്കൂട്ടാനാണ് പുതിയ ശ്രമം. വന്ന സിനിമക്കാരെല്ലാം പറയുന്നത് ഞങ്ങൾ നേരത്തേ കോൺഗ്രസാണ് എന്നാണ്. കോൺഗ്രസായവരെ വീണ്ടും കോൺഗ്രസാക്കുന്ന ചെന്നിത്തലയുടെ കോമഡി ടൈം പരിപാടിയാണ് നടക്കുന്നത്’ –വിജയരാഘവൻ പറഞ്ഞു.

ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് തുടർഭരണമുണ്ടാക്കാൻ കളമൊരുക്കണമെന്ന് ഓർമിപ്പിച്ചാണ് വിജയരാഘവൻ പ്രസംഗം അവസാനിപ്പിക്കുന്നത്. ജാഥാംഗങ്ങളായ കെ.പി.രാജേന്ദ്രൻ, പി.സതീദേവി, പി.ടി.ജോസ്, കെ.ലോഹ്യ, പി.കെ.രാജൻ, യു.ബാബു ഗോപിനാഥ്, കെ.പി.മോഹനൻ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, എ.ജെ.ജോസഫ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. താമരശ്ശേരിയിലും ബാലുശ്ശേരിയിലുമെല്ലാം പ്രവർത്തകർ ജാഥയെ ആവേശത്തോടെ വരവേറ്റു. ഇന്ന് പേരാമ്പ്ര, കല്ലാച്ചി, തിരുവള്ളൂർ,വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണു സ്വീകരണം. ജില്ലയിലെ പര്യടനം നാളെ സമാപിക്കും.

Related Articles

Leave a Reply

Back to top button