Kozhikode

തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി

കോഴിക്കോട്: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. വോട്ട് വണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കലക്ടര്‍ സാംബശിവറാവു ഫ്ളാഗ് ഓഫ് ചെയ്തു. വി വി പാറ്റ്, വോട്ടിങ് മെഷീന്‍, വോട്ടു ചെയ്യേണ്ടവിധം തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടുവണ്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വണ്ടിയില്‍ കയറി മോഡല്‍ പോളിങ് ചെയ്യാനുള്ള സൗകര്യവും ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാന്‍ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും വണ്ടിയിലുണ്ടാവും.

പുതുവോട്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. ഒരു താലൂക്കില്‍ രണ്ട് ദിവസമാണ് വോട്ട് വണ്ടി ഉണ്ടാവുക. പൊതുജന പങ്കാളിത്തം കൂടുന്ന പക്ഷം കൂടുതല്‍ ദിവസം വോട്ടു വണ്ടി സഞ്ചരിക്കും. സ്വീപ്(സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍) സെല്ലിന്റെ നേതൃത്വത്തിലാണ് വോട്ട് വണ്ടി സഞ്ചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓരോ സ്ഥലങ്ങളിലും വോട്ട് വണ്ടി എത്തുക. ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് വോട്ടിങ് മെഷീന്‍ പരിചയപ്പെടാന്‍ സൗകര്യം. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ എ ഡി എം എന്‍ പ്രേമചന്ദ്രന്‍, അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ സുരേഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ബാബു ചാണ്ടുള്ളി എന്നിവരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button