Kozhikode

നിയന്ത്രണമില്ലാതെ വാഹനങ്ങൾ; മണിക്കൂറുകൾ കുരുങ്ങി ചുരം

താമരശ്ശേരി ∙ നവീകരണ പ്രവൃത്തി നടക്കുന്ന ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. അവധി ദിവസമായ ഇന്നലെ ചുരത്തിൽ യാത്രക്കാർ മണിക്കൂറുകളോളമാണ് കുടുങ്ങിത്. ആറാം വളവിനു മുകളിലും തകരപ്പാടിക്ക് അടുത്തുമായി രണ്ടിടങ്ങളിലാണ് സംരംക്ഷണ ഭിത്തി നിർമാണം നടക്കുന്നത്. നേരത്തെ റോഡ് ഇടിഞ്ഞ ഭാഗത്ത് സംരംക്ഷണ ഭിത്തി നിർമാണം പൂർത്തിയായെങ്കിലും റോഡ് ടാറിങ് നടത്താനുണ്ട്. വാഹനങ്ങൾ വൺവേയായാണ് കടത്തിവിടുന്നത്. 

ഇതിനിടയിൽ ചിലർ ട്രാഫിക് നിയമം ലംഘിച്ച് ക്യൂ പാലിക്കാതെ കടന്നു പോകാൻ ശ്രമിക്കുന്നതാണ് കുരുക്കിനുള്ള പ്രധാന കാരണം. ചുരത്തിൽ ആവശ്യത്തിനു പൊലീസ് ഇല്ലാത്തതു മൂലം ഇത്തരക്കാരെ പിടികൂടി നടപടി സ്വീകരിക്കാനും ഗതാഗതം നിയന്ത്രിക്കാനും കഴിയുന്നില്ലെന്ന പരാതിയുണ്ട്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റിൽ പകുതിയിലേറെ പേരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ചുരത്തിലെ റോഡ് നവീകരണവും മറ്റുമായി ബന്ധപ്പെട്ട് 8 റിസർവ് പൊലീസുകാരെ അനുവദിച്ചതിൽ 5 പേരെയും പരീക്ഷാ ജോലിക്കും മറ്റുമായി പിൻവലിച്ചു കഴിഞ്ഞു. 

ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടിവാരത്തും ലക്കിടിയിലും വാഹന പരിശോധനക്ക് പൊലീസ് നിന്നാലേ പ്രയോജനമുള്ളൂ. ഇതിനു പുറമെ ചുരത്തിൽ പ്രവൃത്തി നടക്കുന്നിടത്ത് ഗതാഗത നിയന്ത്രണവും വേണം. നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ ചുരത്തിൽ ചക്രശ്വാസം വലിക്കുന്ന സ്ഥിതിയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായമാണ് ആശ്വാസം.

Related Articles

Leave a Reply

Back to top button