Mukkam

റോഡ് പണി മെല്ലെപ്പോക്ക് കാരണം ദുരിതംസഹിച്ച് നാട്ടുകാരും യാത്രക്കാരും

മുക്കം: കോടിക്കണക്കിന് രൂപ മുടക്കിയുള്ള റോഡ് നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം ദുരിതംസഹിച്ച് നാട്ടുകാരും യാത്രക്കാരും. രണ്ട് കിലോമീറ്ററിന് നാലുകോടിരൂപ ചെലവിൽ നവീകരിക്കുന്ന മാമ്പറ്റ – വട്ടോളിപറമ്പ് റോഡ് നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ഉദ്ഘാടനവേളയിൽ അനുവദിച്ച നിർമാണകാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ മൂന്ന് കലുങ്കുകളുടെ പ്രവൃത്തിമാത്രമാണ് പൂർത്തിയായത്.

മാമ്പറ്റമുതൽ വട്ടോളിപറമ്പ് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാർചെയ്ത് ഓവുചാലുകളും കലുങ്കുകളും ടൈൽവിരിച്ച നടപ്പാതയും ഹാൻഡ് റെയിലും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിർമാണ പ്രവൃത്തി മെല്ലെയായതോടെ നാട്ടുകാർദുരിതത്തിലായി. കലുങ്ക് നിർമാണത്തിനായി റോഡ് കീറിമുറിച്ചതോടെ യാത്ര ദുഷ്കരമായി. നിർമാണവസ്തുക്കൾ റോഡരികിൽ കൂട്ടിയിട്ടതുകാരണം എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു.

പൊടിശല്യത്താൽ പൊറുതിമുട്ടുകയാണ് റോഡരികിലെ വീട്ടുകാർ. മേയ് മാസത്തിനകം പ്രവൃത്തി പൂർത്തിയായില്ലെങ്കിൽ മഴക്കാലത്ത് വലിയദുരിതം സഹിക്കേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.

കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയുടെ ഭാഗമായ മുക്കം – താമരശ്ശേരി റോഡിന്റെ സമാന്തരപാത കൂടിയാണിത്. സംസ്ഥാന പാതയിലെ മുക്കത്തിനും താമരശ്ശേരിക്കുമിടയിൽ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. മുക്കം പി.സി ജങ്ഷനിൽ നിന്ന് തിരിഞ്ഞ് കയ്യിട്ടാപ്പൊയിൽ- മാമ്പറ്റ- വട്ടോളിപ്പറമ്പ്-അമ്പലക്കണ്ടി വഴി താമരശ്ശേരിയിൽ എത്താനാകും. കഴിഞ്ഞ രണ്ട് പ്രളയകാലത്തും സംസ്ഥാന പാത വെള്ളത്തിനടിയിലായപ്പോൾ വാഹനങ്ങൾ കടന്നു പോയത് ഇതുവഴിയാണ്. മലബാറിലെ പാട്ടുത്സവങ്ങളിൽ പ്രസിദ്ധമായ വട്ടോളി ദേവി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും ഏറെ ഉപകാരപ്പെടുന്നതാണ് പദ്ധതി. മലപ്പുറം ആസ്ഥാനമായുള്ള നെടുങ്ങാട് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി കരാർ എടുത്തിട്ടുള്ളത്

Related Articles

Leave a Reply

Back to top button