Thamarassery

മലയോര വിപണിയെ സ്തംഭിപ്പിച്ച് വ്യാപാരികളുടെ കടയടപ്പ് സമരം

താമരശ്ശേരി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വ്യാപാരികളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച കടയടപ്പ് സമരത്തെ തുടർന്ന് മലയോരമേഖലയിലെ വിപണി സ്തംഭിച്ചു.

ഓൺലൈൻ വ്യാപാരത്തിന് കടിഞ്ഞാണിടുക, എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസും ചൊവ്വാഴ്ച കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഹോട്ടലുകളും പച്ചക്കറി, പലചരക്ക് കടകളും ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നതോടെ കോവിഡ് കാലത്തും തിരക്ക് ഒഴിയാതിരുന്ന നിരത്തുകൾ വിജനമായി. മരുന്നുകടകൾ ഉൾപ്പെടെ അടച്ചിടുമെന്ന് സംസ്ഥാനകമ്മിറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിക്കൽ ഷോപ്പുകളിലേറെയും തുറന്നുപ്രവർത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി.

ലോക്ഡൗണിൽ തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാൻ ഇടപെടൽ നടത്തുക, മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയേകുക, വൈദ്യുതി ബില്ലിലെ ലോക്ഡൗൺകാലത്തെ മുഴുവൻ ഫിക്സഡ് ചാർജും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഉപവാസസമരം സംഘടിപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറി, മിനി സിവിൽ സ്റ്റേഷൻ, പി.ഡബ്ല്യു.ഡി. ഓഫീസ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ഉപവാസസമരം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി റെജി ജോസഫ്, കെ.എം. മസൂദ്, വനിതാ വിങ് പ്രസിഡന്റ് കെ. സരസ്വതി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. സമരത്തിന് അബ്ദുൽ മജീദ്, അബ്ദുൽ റഹീം, റഷീദ്, ബോബൻ, ഷംസുദ്ധീൻ, സാലി, മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ, ഷമീർ, മൻസൂറലി, മിനി സാബു എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button