Kerala

സാമ്പത്തിക പ്രതിസന്ധി; കേരളത്തിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് എട്ട് പേർ

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് എട്ടുപേർ. സംസ്ഥാനം പൂർണമായി അടച്ചിട്ട രണ്ടാം ലോക്ക് ഡൗണിന് പിന്നാലെയാണ് ആത്മഹത്യകൾ പെരുകിയത്. Eight people suicided during covid lockdown.

ലോക്ക് ഡൗൺ താറുമാറാക്കിയ സാമ്പത്തികാവസ്ഥയാണ് തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിലെ ഒന്നാമത്തെ കാരണം. ജൂൺ 21 ന് തിരുവന്തപുരം നന്തൻകോടായിരുന്നു ആദ്യ മരണം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത എന്നിവരെ നന്ദൻ കോട്ടെ വാടക വീട്ടിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാലയിൽ സ്വർണപ്പണിക്കാരനായിരുന്ന മനോജ് കുമാറിന്റെയും കുടുംബത്തിന്റെയും മരണകാരണം കൊവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകൾ തന്നെ. വാഹനവായ്പ മുടങ്ങിയപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയാണ് ഏലം കർഷകനായ സന്തോഷിന്റെ ജീവനെടുത്തത്.

ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറ സ്വദേശി ഈ മാസം ഒന്നിന് തൂങ്ങിമരിക്കുകയായിരുന്നു. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണിയെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു.

തൊട്ടടുത്ത ദിവസം തിരുവനന്തപുരം ഗൗരീശപട്ടം മായാ ലൈറ്റ് ആന്റ് സൗണ്ട് സ് ഉടമ മുറിഞ്ഞപാലം സ്വദേശി നിർമൽ ചന്ദ്രനും തൂങ്ങി മരിച്ചു. കൊവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാൾ നേരിട്ടിരുന്നു. ഇതിൽ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. കല്ലമ്പലം ചേന്നൻ കോട് പടത്തിപ്പാറയിലെ കോഴിക്കടയിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ 17 ന് പാലക്കാട് വെണ്ണക്കര പൊന്നു മണി ലൈറ്റ് ആൻറ് സൗണ്ട്‌സ് ഉടമ പൊന്നു മണി വീടിനു സമീപം കളനാശിനി കഴിച്ച് മരിച്ചു.

ഇന്നലെയായിരുന്നു അടിമാലി ഇരുമ്പുപാലത്തെ ബേക്കറിയുടമയുടെ ആത്മഹത്യ. ഒഴുവത്തടം പുലരിമലയിൽ വിനോദ് ബേക്കറി തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അമ്പലവയലിലെ ബസുടമയുടെ ആത്മഹത്യ. വരുമാനം നിലച്ചതും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതുമൊക്കെയാണ് ജനങ്ങളെ സമ്മർദത്തിലാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതു മറികടക്കാൻ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം എല്ലാ മേഖലകളിൽ നിന്നും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Back to top button