Kerala

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല :മുഖ്യമന്ത്രി

കാലാവധി തീരാറായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഒഴിവുള്ള എല്ലാ തസ്തികകളിലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വനിതാ സിവിൽ പൊലീസ് ഉൾപ്പെടെ 493 പി.എസ്.സി. റാങ്ക് ലിസ്റ്റുകളാണ് ഓഗസ്റ്റ് 4ന് അവസാനിക്കുന്നത്. ഇതിൽ വിവിധ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വിഷയം ഉന്നയിച്ചത്.

അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശുപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കും. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button