ThiruvambadyVideos

ഹരിത ഗ്രാമം പദ്ധതി; വീടുകളിൽ നിന്ന് മാലിന്യ ശേഖരണം തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി, ഹരിതം – ശുചിത്വം – സുന്ദരം തിരുവമ്പാടി എന്ന സന്ദേശം ഉയർത്തി നടപ്പാക്കുന്ന ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി. വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണ പദ്ധതിക്ക് താഴെ തിരുവമ്പാടി വാർഡിലാണ് ഇന്ന് തുടക്കം കുറിച്ചത്. പദ്ധതി ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.

താഴെ തിരുവമ്പാടി വാർഡിൽ ഉൾപ്പെട്ട പോലീസ് സ്റ്റേഷൻ പരിസരത്തെ വീടുകളിൽ നിന്നാണ് മാലിന്യ ശേഖരണം ആരംഭിച്ചത്. ചൊവ്വാഴ്ച അമ്പലപ്പാറ വാർഡിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കും. കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്.

വീടുകൾക്ക്‌ പ്രതിമാസം 50 രൂപയാണ് യൂസർ ഫീയായി ഈടാക്കുക. ഒരു വാർഡിൽ ഒരു ദിവസംക്കൊണ്ട് മാലിന്യ ശേഖരണം പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുപ്പിച്ചില്ല്, ബാഗ്‌, ചെരുപ്പുകൾ ഉൾപ്പടെ ശേഖരിക്കാനാണ്‌ തീരുമാനം. പദ്ധതിയുടെ ഭാഗമായി വിവാഹങ്ങളിലും മറ്റു ഇവന്റുകളിലുമുണ്ടാവുന്ന മാലിന്യങ്ങളും നിശ്ചിത ഫീസ്‌ ഈടാക്കി ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്‌.

വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ അതാതു ദിവസം തന്നെ പൂർണ്ണമായും പഞ്ചായത്തിന്റെ എം സി എഫിലേക്ക് മാറ്റും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, മെമ്പർമാരായ ലിസി സണ്ണി, ഷൈനി ബെന്നി, ഷൗക്കത്തലി കൊല്ലളത്തിൽ, മഞ്ജു ഷിബിൻ, ബിന്ദു ജോൺസൻ ,ടോമി കൊന്നക്കൽ, വി ഇ ഒ റുബീന, പ്രീതി രാജീവ്, അജ്മൽ യു സി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Back to top button